
രാജ്യവ്യാപകമായി കോവിഡ് വ്യാപനം വർധിക്കുന്നതിനിടെ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക്സ് കൺസോർഷ്യമാണ് (INSACOG) ഈ വിവരം പുറത്തുവിട്ടത്. NB.1.8.1, LF.7 എന്നീ രണ്ട് വകഭേദങ്ങളാണ് പുതിയ കോവിഡ് വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ 2025 മെയ് മാസത്തെ വിലയിരുത്തൽ പ്രകാരം ഈ രണ്ടു കോവിഡ് വകഭേദങ്ങളും അപകടകാരികൾ അല്ലെന്നാണ് സൂചന.
തമിഴ്നാട്ടിൽ NB.1.8.1 കോവിഡ് വകഭേദവുമായി ഒരാൾ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, LF.7 വകഭേദവുമായി ഗുജറാത്തിൽ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. INSACOG നൽകുന്ന വിവരമനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് തമിഴ്നാട്ടിൽ ഒരാൾ NB.1.8.1 കോവിഡ് വകഭേദവുമായി ചികിത്സ തേടിയത്. മെയ് മാസത്തിലാണ് ഗുജറാത്തിൽ നാലുപേർക്ക് LF.7 വകഭേദത്തിലൂടെ രോഗബാധ ഉണ്ടായതെന്നും പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
NB.1.8.1 വൈറസ് അപകടഭീതി കുറഞ്ഞവയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഡീഷണൽ പബ്ലിക് ഹെൽത്ത് വിഭാഗം വിശദീകരിക്കുന്നത്. നിലവിലുള്ള കോവിഡ് വാക്സിനുകൾ കൊണ്ട് തീർത്തും പ്രതിരോധിക്കാവുന്ന വാക്സിൻ ആണിതെന്നും WHO അറിയിച്ചു.
ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് വ്യാപനത്തിനിടയാക്കിയ വൈറസ് JN.1 ആണെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ റിപ്പോർട്ട് 53 ശതമാനം കോവിഡ് കേസുകളിലേയും രോഗകാരിയായ വൈറസ് ഇതായിരുന്നു. BA.2 വൈറസാണ് രണ്ടാം സ്ഥാനത്ത്. 26 ശതമാനം ഇന്ത്യക്കാരിലും ബാധിച്ചത് BA.2 കോവിഡ് വകഭേദമായിരുന്നു. മൂന്നാം സ്ഥാനത്ത് 20 ശതമാനം രോഗബാധയുമായി ഒമിക്രോൺ ആണുള്ളത്.