ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് വില്ലേജ് ഡിഫൻസ് കമ്മിറ്റി അംഗങ്ങളെ തട്ടികൊണ്ടുപോയി തല അറുത്തുകൊന്നു

അക്രമത്തിൻ്റെ ഉത്തരവാദിത്തം ജെയ്ഷെ ഭീകര സംഘടന ഏറ്റെടുത്തു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് വില്ലേജ് ഡിഫൻസ് കമ്മിറ്റി അംഗങ്ങളെ തട്ടികൊണ്ടുപോയി തല അറുത്തുകൊന്നു
Published on


ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് വില്ലേജ് ഡിഫൻസ് കമ്മിറ്റി അംഗങ്ങളെ തട്ടികൊണ്ടുപോയി തല അറുത്തുകൊന്നു. കിഷ്ത്വാർ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. വില്ലേജ് ഡിഫൻസ് കമ്മിറ്റി അംഗങ്ങളായ നസീർ അഹമ്മദിനെയും കുൽദീപ് കുമാറിനെയുമാണ് തട്ടികൊണ്ടുപോയത്. അക്രമത്തിൻ്റെ ഉത്തരവാദിത്തം ജെയ്ഷെ ഭീകര സംഘടന ഏറ്റെടുത്തു. അക്രമികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

അതേസമയം, കഴിഞ്ഞ ഏതാനും നാളുകളായി ജമ്മുകശ്മീരിൽ ഭീകരാക്രമണം വർധിച്ചു വരികയാണ്. ഭീകരവാദികളെ പ്രതിരോധിക്കാനായാണ് ജമ്മുകശ്മീർ പൊലീസ്, വില്ലേജ് ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചത്. അക്രമികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സോപോർ ജില്ലയിൽ നടത്തിയ തെരച്ചിലിനിടെയും ഏറ്റുമുട്ടലുണ്ടായി. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പത്ത് പേർക്കാണ് പരുക്കേറ്റത്. ഖൻയാറിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരു വിദേശിയും ഉൾപ്പെടുന്നു.

മുൻപുണ്ടായ ആക്രമണത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് തൊഴിലാളികൾക്ക് വെടിയേറ്റ സംഭവവുമുണ്ട്. ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ പാക് ഭീകര സംഘടനയായ പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് വെടിയുതിർത്തതും ഏതാനും നാളുകൾക്ക് മുമ്പാണ്. നിയന്ത്രണരേഖയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായി ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 16ന് ഗന്ദർബാലിലെ നിർമാണ സൈറ്റിലുണ്ടായ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇന്ത്യൻ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പൂഞ്ചിലെ ഭീകരരുടെ ഒളിത്താവളം തകർത്തു. അന്ന് പ്രദേശത്ത് നിന്ന് രണ്ട് ഗ്രനേഡുകളും മൂന്ന് മൈനുകളുമാണ് കണ്ടെടുത്തത്.

കശ്മീരിലെ സമാധാന അന്തരീക്ഷം താറുമാറാക്കാനും, ജനങ്ങൾക്കിടയിൽ ഭീതി പടർത്താനുമാണ് ആക്രമണങ്ങളെന്നാണ് സൂചന. തുടരെയുള്ള ഭീകരാക്രമണങ്ങളിൽ ജനങ്ങളും ആശങ്കയിലാണ്. പ്രദേശത്തെ സാഹചര്യം വിലയിരുത്തി അതിർത്തിയിൽ ബിഎസ്എഫിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ സംയുക്ത തെരച്ചിലും ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com