തായ്‌വാനിൽ ആഞ്ഞടിച്ച് 'ക്രാത്തൺ' ചുഴലിക്കാറ്റ്; രണ്ട് മരണം, വിമാനങ്ങള്‍ റദ്ദാക്കി

കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് പേർ മരിച്ചു
തായ്‌വാനിൽ ആഞ്ഞടിച്ച് 'ക്രാത്തൺ' ചുഴലിക്കാറ്റ്; രണ്ട് മരണം, വിമാനങ്ങള്‍ റദ്ദാക്കി
Published on

തായ്‌വാനിൽ ആഞ്ഞടിച്ച് ക്രാത്തൺ ചുഴലിക്കാറ്റ്. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. കനത്ത മഴ മൂലം തായ്‌വാനില്‍ ജനജീവിതം ദുരിതത്തിലാണ്.

കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് പേർ മരിച്ചു. മരം മുറിക്കുന്നതിനിടെ വീണും വാഹനം പാറയിൽ ഇടിച്ചുമാണ് മരണങ്ങൾ. ചുഴലിക്കാറ്റില്‍ 120 പേർക്ക് പരുക്കേല്‍ക്കുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തു. ക്രാത്തണ്‍ വീശിയടിച്ച കയോസിയുങ്ങിനു സമീപത്ത് ഹോസ്പ്പിറ്റലില്‍ ഉണ്ടായ തീപിടിത്തതില്‍ ഒന്‍പത് പേർ മരിച്ചിരുന്നു. തീപിടിത്തം ചുഴലിക്കാറ്റ് കാരണമല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍, മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

Also Read: ബെയ്റൂട്ടില്‍ വ്യോമാക്രമണം; ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേൽ

വടക്കൻ ഫിലിപ്പൈൻസിലെ ദ്വീപുകളിലൂടെ കടന്നുപോയതിന് ശേഷം കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ക്രാത്തൺ തീവ്രത പ്രാപിച്ച് 'സൂപ്പർ ടൈഫൂണ്‍' ആയി മാറിയിരുന്നു. എന്നാൽ തായ്‌വാൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള തുറന്ന കടലിൽ വെച്ച് കാറ്റിന്‍റെ വേഗത കുറയുകയും തീരപ്രദേശം കടക്കുന്നതിന് മുമ്പ് ദുർബലമാകും ചെയ്തു. ഇതാണ് വലിയ തോതില്‍ അപകടം ഒഴിവാക്കിയത്.

1977ലെ കൊടുങ്കാറ്റില്‍ 37 പേർ കൊല്ലപ്പെട്ടതിനു ശേഷം ഇത്തരം അവസരങ്ങളില്‍ തായ്‌വാന്‍ ഭരണകൂടം പ്രത്യേക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാറുണ്ട്. കൊടുങ്കാറ്റ് തീരം തൊടുന്നതിനു മുന്‍പായി ജനങ്ങള്‍ക്ക് എസ്എംഎസ് ആയി ജാഗ്രത നിർദേശം നല്‍കിയിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് എല്ലാ ആഭ്യന്തര വിമാനങ്ങളും,  നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com