"മകനെതിരെയുള്ള ലഹരിക്കേസ് വാർത്ത വ്യാജം, മകൻ ഒരു തെറ്റും ചെയ്തിട്ടില്ല"; വാദങ്ങൾ ആവർത്തിച്ച് യു. പ്രതിഭ

രണ്ട് ചാനലുകളും ചില ഓൺലൈൻ മാധ്യമങ്ങളും തന്നെയും പാർട്ടിയെയും നിരന്തരം വേട്ടയാടിയെന്നും യു. പ്രതിഭ ആരോപിച്ചു
"മകനെതിരെയുള്ള ലഹരിക്കേസ് വാർത്ത വ്യാജം, മകൻ ഒരു തെറ്റും ചെയ്തിട്ടില്ല"; വാദങ്ങൾ ആവർത്തിച്ച് യു. പ്രതിഭ
Published on


മകനെതിരെയുള്ള ലഹരിക്കേസ് വാർത്ത വ്യാജമെന്ന് ആവർത്തിച്ച് യു. പ്രതിഭ എംഎൽഎ. മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മകന്റെ ലഹരിക്കേസിൽ തന്നെ പലരും വ്യക്തിപരമായി ആക്രമിച്ചെന്നും പ്രതിഭ ആരോപിച്ചു. രണ്ട് ചാനലുകളും ചില ഓൺലൈൻ മാധ്യമങ്ങളും തന്നെയും പാർട്ടിയെയും നിരന്തരം വേട്ടയാടിയെന്നും യു.പ്രതിഭ പറഞ്ഞു.

യു. പ്രതിഭയ്ക്ക് പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബു ജാനും രംഗത്തെത്തി. എംഎൽഎയെയും മകനെയും വേട്ടയാടുന്നെന്നായിരുന്നു കെ.എച്ച്. ബാബുവിൻ്റെ പക്ഷം. വാർത്തകളെ പരമ പുച്ഛത്തോടെ കാണുന്നു. കുട്ടികളാകുമ്പോൾ ചിലപ്പോൾ തെറ്റ് പറ്റുമെന്നും, ചെറിയ തെറ്റിനെ മാധ്യമങ്ങൾ പർവതീകരിക്കുന്നെന്നും ബാബു അഭിപ്രായപ്പെട്ടു.

എംഎൽഎയ്ക്ക് എതിരായ പ്രചാരണം സിപിഎമ്മിന് നേരെ തന്നെയാണെന്ന് ബാബു പറഞ്ഞു. മാധ്യമങ്ങൾ വിവേകത്തോടെ വാർത്ത നൽകണമെന്ന് അഭ്യർഥിക്കുന്നു. കുട്ടിയുടെ മാനസികാവസ്ഥ കൂടി പരിഗണിക്കണമായിരുന്നെന്ന് പറഞ്ഞ ബാബു, ആ കുട്ടി എന്തെങ്കിലും കടുംകൈ കാണിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്നും ചോദിച്ചു.

അതേസമയം മന്ത്രി സജി ചെറിയാനെയും യു.പ്രതിഭ എംഎൽഎയെയും വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ദീപിക ദിനപത്രം. രാജാവിൻ്റെ മകനാണെങ്കിലും നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് വിമർശിച്ചായിരുന്നു ലേഖനം. സജി ചെറിയാൻ്റെ പ്രസ്താവന കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കൽ ആണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സാംസ്കാരിക മന്ത്രിയാണ് ആപത്കരമായ ഒരു സംസ്കാരത്തെ നിസാരവൽക്കരിച്ചത്. പ്രതികൾ പാർട്ടിക്കാർ ആണെങ്കിൽ സംരക്ഷകരാകുന്നത് നാടിനുള്ള ശിക്ഷയാണ് സർക്കാരിൻറെ കൊട്ടിഘോഷിച്ച നടപടികളെല്ലാം മറികടന്ന് മയക്കുമരുന്ന് വ്യാപിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

പ്രതിഭ എംഎൽഎയുടെ മകനടക്കം ഒൻപത് യുവാക്കളെയാണ് തകഴിയിൽ നിന്ന് കുട്ടനാട് എക്സൈസ് പിടികൂടിയത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരിൽ നിന്ന് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com