
തുടർച്ചയായ രണ്ടാം ദിവസവും താപനിലയിൽ മാറ്റമില്ലാതെ യുഎഇ. 50.8 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഉയർന്ന താപനില. ചൂടുകൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും, ഡെലിവറി ജീവനക്കാരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഈ മാസം പകുതിയോടെയാണ് വേനൽക്കാലം രാജ്യത്ത് ആരംഭിക്കേണ്ടതെങ്കിലും ഇപ്പോഴേ തന്നെ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. അതേസമയം നിലവിൽ രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും സെപ്റ്റംബർ വരെ വേനൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ രാജ്യത്തെ ഉയർന്ന താപനിലയെ ഹീറ്റ് വേവ് ആയി കാണാൻ കഴിയില്ലെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.