
എഐയുടെ അനന്തസാധ്യതകളെ പരിചയപ്പെടുത്തുകയാണ് അന്താരാഷ്ട്ര ജെൻ എ.ഐ കോൺക്ലേവ്. നിർമിത ബുദ്ധിയിൽ അത്ഭുതങ്ങളുമായി കൈയ്യടി നേടുകയാണ് പതിനഞ്ചുകാരനായ ഉദയ്ശങ്കർ. എട്ടാം ക്ലാസ്സ് പാസ്സായ ശേഷം സ്കൂൾ പഠനം നിർത്തിയാണ് ഉദയ്ശങ്കർ ടെക്‌നോളജി മേഖലയിലേക്ക് തിരിഞ്ഞത്.
നിര്‍മിതബുദ്ധിയില്‍ ആദ്യ പേറ്റൻ്റുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ പതിനഞ്ചുകാരന്‍ ഉദയ് ശങ്കർ തമ്മനം സ്വദേശിയാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപ്പിനാണ് ഉദയന് ഇന്ത്യാ പേറ്റൻ്റ് ലഭിച്ചത്. ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്.
കുട്ടിയായിരിക്കുമ്പോഴേ ഉദയ് ശങ്കറിന് ടെക്‌നോളജിയിലാണ് താത്പര്യം. അതിനാല്‍ തന്നെ എട്ടാം ക്ലാസില്‍ പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കെത്തി.പരമ്പരാഗത വിദ്യാഭ്യാസരീതികളില്‍ നിന്ന് മാറി ചിന്തിച്ചാണ് ഉദയ്ശങ്കർ നേട്ടം കൈവരിച്ചത്.
മള്‍ട്ടിടോക്ക് അവതാര്‍ എഐ സ്യൂട്ട് ഉപയോഗിച്ചുള്ള ക്ലിന്‍അല്‍ക്ക കൊണ്ട് ഏതു ഭാഷക്കാര്‍ക്കും മറ്റ് ഭാഷക്കാരുമായി സംസാരിക്കാം. വിമാനത്താവളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ഇത് ഏറ്റവും ഗുണകരമാകുന്നതെന്ന് ഉദയ് പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് കണ്ടെത്താനും അതിന് പരിഹാരം ഉടനെ തന്നെ താഴെത്തട്ടിലേക്കെത്തിക്കാനും ഇതിലൂടെ കഴിയും. ഇതിനു പുറമെ കാഴ്ച പരിമിതിയുള്ളവർക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിന് പറ്റുന്ന ആപ്പും ഉദയ് നിര്‍മിച്ചിട്ടുണ്ട്. തികച്ചും സൗജന്യമാണ് ഈ ആപ്പിന്റെ സേവനം.