
ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ ബർത്ത് തേടി ബാഴ്സലോണയും ഇൻ്റർമിലാനും ഇന്ന് നേർക്കുനേർ. ബുധനാഴ്ച രാത്രി 12.30നാണ് ആദ്യപാദ സെമി ഫൈനൽ പോരാട്ടം. ബാഴ്സലോണയുടെ ഹോം ഗ്രൌണ്ടായ ഒളിംപിക് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുക.
ആറു വർഷത്തിന് ശേഷം അവസാന നാലിൽ ഇടംപിടിച്ച ബാഴ്‌സലോണ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയാണ് 5-3ന് വീഴ്‌ത്തിയത്. കരുത്തരായ ബയേൺ മ്യൂണിക്കിനെ 4-3ന് തകർത്താണ് ഇൻ്റർ മിലാൻ്റെ വരവ്.
സീസണിൽ മൂന്നാമത്തെ കിരീടമാണ് ബാഴ്സ കോച്ച് ഹാൻസി ഫ്ലിക്കും സംഘവും നോട്ടമിടുന്നത്. റയൽ മാഡ്രിഡിനെ വീഴ്ത്തി കിങ്സ് കപ്പ് നേടിയ ബാഴ്സലോണ, സ്പാനിഷ് ലീഗിലും കിരീടനേട്ടത്തിന് തൊട്ടരികിലാണ്. അഞ്ച് മാച്ചുകൾ ശേഷിക്കെ നാല് പോയിൻ്റിന് മുന്നിലാണ് അവർ. ചാംപ്യൻസ് ലീഗിൽ കൂടി കിരീടം നേടി ഹാട്രിക് കിരീടമാണ് ബാഴ്സലോണ ലക്ഷ്യം വെക്കുന്നത്.
പരിക്കേറ്റ ലെവൻഡോവ്സ്കി കളിക്കാത്തത് ബാഴ്സലോണയ്ക്ക് തിരിച്ചടിയാണ്. റഫീഞ്ഞ, ലാമിൻ യമാൽ, ലെവൻഡോവ്സ്കി സഖ്യമാണ് ബാഴ്സലോണയുടെ യഥാർഥ കരുത്ത്. ചാംപ്യൻസ് ലീഗിൽ നേടിയ 37 ഗോളുകളിൽ 27ഉം നേടിയത് ഈ മൂവർ സഖ്യമാണ്.
2003ലെ റണ്ണറപ്പുകളായ ഇൻ്റർ മിലാന് കാര്യങ്ങൾ അത്ര പന്തിയല്ല. ഇറ്റാലിയൻ ലീഗിൽ തുടരെ മൂന്ന് കളികൾ തോറ്റ് ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയാണ് ഇൻ്റർ ബാഴ്സയുടെ തട്ടകത്തിലേക്കെത്തുന്നത്. സെമി ഉറപ്പിക്കും വരെ മികച്ച പ്രകടനം നടത്തിയിരുന്ന ഇൻ്റർ മിലാൻ നിർണായക മത്സരത്തിൽ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലൌട്ടാരോ മാർട്ടിനസിൻ്റെ ഗോളടി വൈഭവത്തിലാണ് ഇറ്റാലിയൻ ടീമിൻ്റെ പ്രതീക്ഷയത്രയും.