യുജിസി കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ഉടൻ പിൻവലിക്കണം; സഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ധരുടെയും ആശങ്കകള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു
യുജിസി കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ഉടൻ പിൻവലിക്കണം; സഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
Published on

യുജിസി കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ അധികാരങ്ങളെ മാനിക്കാതെയാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കുന്നതിനുള്ള നീക്കം. കേന്ദ്ര സർക്കാരിന്റെയും യുജിസിയുടെയും നിലപാടുകൾ ജനാധിപത്യവിരുദ്ധം. നിലവിലെ യുജിസി കരട് മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കണം. ചർച്ചകൾക്ക് ശേഷമെ നടപ്പാക്കാവുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കരട് മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ധരുടെയും ആശങ്കകള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.  1977 ജനുവരി 3ന് പ്രാബല്യത്തില്‍ വന്ന 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ നിന്നും കണ്‍കറന്‍റ് ലിസ്റ്റിലെ ഇനം 25 ആയി മാറ്റപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് അതത് സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ്. ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദ പരീക്ഷകള്‍ക്കുള്ള പാസ് മാര്‍ക്കോ മാനദണ്ഡങ്ങളോ പല തരത്തിലായാല്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.  ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാതെയുള്ളതും വൈസ് ചാന്‍സലര്‍ നിയമനത്തിലടക്കം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതുമായ 2025 ലെ കരട് യുജിസി മാനദണ്ഡങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഒന്നാണെന്നുമാണ് സഭയുടെ അഭിപ്രായമെന്നും പ്രമേയം എടുത്തുപറയുന്നു. 

സര്‍വകലാശാലകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുഖ്യമായ പങ്കുണ്ട്. വൈസ് ചാന്‍സലര്‍ നിയമനം പോലുള്ള സുപ്രധാന നിയമനങ്ങളിലും അധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണമായും മാറ്റിനിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും യു.ജി.സിയുടെയും സമീപനം ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണെന്ന് ഈ സഭയ്ക്ക് അഭിപ്രായമുണ്ട്. ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു. വിശദമായ ചര്‍ച്ചകള്‍ നടത്തി അവരുടെ അഭിപ്രായങ്ങള്‍ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സഭ കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ഐകകണ്ഠ്യേന ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com