യു.ജി.സി നെറ്റ് ചോദ്യപേപ്പര്‍ ഡാര്‍ക്ക് നെറ്റില്‍; വിൽപ്പനയ്ക്ക് വെച്ചത് ആറ് ലക്ഷം രൂപയ്ക്ക്

യു.ജി.സി നെറ്റിന്‍റെ ചോദ്യപേപ്പർ ചോർത്തി ഡാർക്ക് നെറ്റിലും സമൂഹമാധ്യമങ്ങളിലും വിൽപ്പനയ്ക്കായി ഇട്ടുവെന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി
യു.ജി.സി നെറ്റ് ചോദ്യപേപ്പര്‍ ഡാര്‍ക്ക് നെറ്റില്‍; വിൽപ്പനയ്ക്ക് വെച്ചത് ആറ് ലക്ഷം രൂപയ്ക്ക്
Published on

യു.ജി.സി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തി ഡാര്‍ക്ക് നെറ്റിലും സമൂഹ മാധ്യമങ്ങളിലും വില്‍പ്പനയ്ക്കായി ഇട്ടുവെന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജൂണ്‍ 18നാണ് യു.ജി.സി നെറ്റ് പരീക്ഷകള്‍ നടത്തിയത്. ഇതിനു 48 മണിക്കൂര്‍ മുന്‍പാണ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്. 6 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകള്‍ വില്പനയ്ക്ക് വെയ്ക്കുകയായിരുന്നുവെന്ന് സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നീറ്റ് പരീക്ഷയുടെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് നെറ്റ് പരീക്ഷയും വിവാദമായത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എവിടെ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് വ്യക്തമല്ല. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുമായി ചേര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ചയാണ് സി.ബി.ഐ കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ജൂണ്‍ 18 ന് രാജ്യമെമ്പാടും 2 ഷിഫ്റ്റുകളായി 83 വിഷയങ്ങളിലായി നടന്ന നെറ്റ് പരീക്ഷ ജൂണ്‍ 19ന് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കുകയായിരുന്നു. നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റില്‍ നിന്ന് പരീക്ഷയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഇന്ത്യയിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുള്ള മാനദണ്ഡമാണ് നെറ്റ് പരീക്ഷ. ഇതിനായി കുട്ടികളെ പരിശീലിപ്പിക്കാന്‍ അനവധി കോച്ചിങ് ക്ലാസ്സുകള്‍ രാജ്യത്തുടനീളമുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇത്തരം പരിശീലന കേന്ദ്രങ്ങളില്‍ നെറ്റിനായി തയാറെടുക്കുന്നത്. ഈ വര്‍ഷം 11,21225 പരീക്ഷാര്‍ഥികളാണ് നെറ്റിന് അപേക്ഷിച്ചത്. ഇതില്‍ 9,45,872 പേര്‍ പരീക്ഷയെഴുതുകയും ചെയ്തു. നെറ്റിനായി പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നുമാണ് സി.ബി.ഐയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

പ്രശ്‌നം അവലോകനം ചെയ്യാന്‍ ഒരു ഉന്നത സമിതി രൂപീകരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കാണ് പ്രഥമ പരിഗണനയെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com