ഋഷി സുനകിന്റെ 'റുവാണ്ട പദ്ധതി' റദ്ദാക്കി സ്റ്റാര്‍മര്‍; പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ തീരുമാനം

'തുടങ്ങുന്നതിനു മുമ്പ് തന്നെ മരിച്ചു മണ്ണടിഞ്ഞ പദ്ധതി' എന്ന് സ്റ്റാര്‍മര്‍
കിയര്‍ സ്റ്റാര്‍മര്‍
കിയര്‍ സ്റ്റാര്‍മര്‍
Published on

മുന്‍ പ്രധാനമന്ത്രി ഋഷി സുനക് നടപ്പാക്കിയ വിവാദ റുവാണ്ട പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം കിയര്‍ സ്റ്റാര്‍മറിന്റെ ആദ്യ തീരുമാനമാണിത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കിയത് ഋഷി സുനക് ആയിരുന്നു.

'ആരംഭിക്കുന്നതിനു മുമ്പ് തന്നെ മരിച്ചു മണ്ണടിഞ്ഞ പദ്ധതി' എന്നാണ് കഴിഞ്ഞ ദിവസം നടന്ന ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റാര്‍മര്‍ ഋഷി സുനകിന്റെ പദ്ധതിയെ വിശേഷിപ്പിച്ചത്. പദ്ധതി റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടിക്കണക്കിന് ഡോളര്‍ മുടക്കിയുള്ള പദ്ധതി ഒരിക്കലും ഫലം കാണാന്‍ പോകില്ലെന്നായിരുന്നു സ്റ്റാര്‍മറിന്റെ വാദം. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്തുന്നതായിരുന്നു പദ്ധതി. ഇതിനെതിരെ തുടക്കം മുതല്‍ തന്നെ വലിയ എതിര്‍പ്പുകളും വിവാദങ്ങളും ഉണ്ടായിരുന്നു.

ആയിരക്കണക്കിന് ഇന്ത്യക്കാരേയും ബാധിക്കുന്നതായിരുന്നു പദ്ധതി. ചെറുബോട്ടുകളില്‍ അഭയം തേടിയെത്തുന്നതിന് അറുതിവരുത്തുമെന്നായിരുന്നു പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാദം. എന്നാല്‍, നിയമപരമായ തടസ്സങ്ങള്‍ മൂലം ഒരാളെ പോലും പദ്ധതി പ്രകാരം റുവാണ്ടയിലേക്ക് എത്തിക്കാനും സാധിച്ചില്ല. ഇതുവരെ പദ്ധതിക്കായി 3.2 കോടി പൗണ്ടാണ് (ഏകദേശം മൂവായിരം കോടിയോളം രൂപ) ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com