
യുകെ-റഷ്യ നയതന്ത്ര ബന്ധം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു നെർവ് ഏജന്‍റും ഡൗൺ സ്റ്റർജസ് എന്ന യുവതിയുടെ കൊലപാതകവുമാണ്. റഷ്യൻ സുരക്ഷാ സേനയുടെ രാസായുധ പ്രയോഗത്തിലാണ് 2018ല്‍ ഡൗൺ സ്റ്റർജസ് കൊല്ലപ്പെട്ടതെന്നാണ് യുകെ പൊലീസിന്‍റെ നിഗമനം. നോവിചോക്ക്' എന്ന നെർവ് ഏജന്‍റ് ഉപയോഗിച്ചാണ് സ്റ്റർജസിനെ കൊലപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. സമാനമായ രീതിയില്‍ റഷ്യന്‍ ഡബിള്‍ ഏജന്‍റായ സെർജി സ്ക്രിപാലിനു നേരെ കൊലപാതക ശ്രമമുണ്ടായതിനു പിന്നാലെയായിരുന്നു യുവതിയുടെ കൊലപാതകം. സംഭവത്തില്‍ യുകെ പൊതു അന്വേഷണം ആരംഭിച്ചു.
2018 ജൂലൈ എട്ടിന് ബ്രിട്ടണിലെ സാലിസ്ബറിയിൽ വെച്ചാണ് വിൽറ്റ്ഷയർ സ്വദേശി ഡൗൺ സ്റ്റർജസ് കൊല്ലപ്പെടുന്നത്. റഷ്യൻ രാസവസ്തുവായ നോവിചോകുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് 44കാരി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഡിസൈനർ പെർഫ്യൂം ബോട്ടിലിലാണ് ഈ രാസവസ്തു പുരട്ടിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതേ രാസവസ്തു പ്രയോഗത്തിലൂടെ, റഷ്യൻ വിവരങ്ങൾ ബ്രിട്ടണ് നൽകിയിരുന്ന സ്‌ക്രിപാലിനെയും മകൾ യൂലിയയെയും സാലിസ്ബറിയിൽ വെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. എന്നാല്‍ ബോധരഹിതരായി പാർക്ക് ബെഞ്ചില്‍ കിടന്നിരുന്ന ഇവരെ പൊലീസ് കണ്ടെത്തി രക്ഷിച്ചു. സ്ക്രിപാലിന്‍റെ വീട്ടില്‍ തെരച്ചില്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥനും നേർവ് ഏജന്‍റുമായി സമ്പർക്കത്തില്‍ ഏർപ്പെട്ട് അബോധാവസ്ഥയിലായിരുന്നു.
Also Read: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പങ്കുചേർന്ന് അമേരിക്കയും? ഇസ്രയേലിന് പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് പ്രഖ്യാപനം
ഡൗൺ സ്റ്റർജസിൻ്റെ കൊലപാതകത്തിന് നാല് മാസം മുമ്പാണ് ഇരുവരെയും കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ഈ സാഹചര്യത്തിലാണ് ഡൗൺ സ്റ്റർജസിൻ്റെ കൊലപാതകത്തിൽ റഷ്യയുടെ പങ്ക് അന്വേഷിക്കാന്‍ യുകെ പൊലീസ് തീരുമാനിച്ചത്. എന്തുകൊണ്ട് സ്റ്റർജസിനെ ലക്ഷ്യം വെച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുക.
സ്ക്രിപാലിൻ്റെയും മകളുടെയും നേരെയുണ്ടായ കൊലപാതക ശ്രമത്തില്‍ മൂന്ന് റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കുറ്റാരോപണം നടത്തിയിരുന്നു. റഷ്യന്‍ മിലിട്ടറി ഇൻ്റലിജൻസ്, ജിആർയുവിന്‍റെ ഓഫീസർമാരാണ് ഇവർ എന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍, ദേശീയ മാധ്യമത്തിനു അഭിമുഖം നല്‍കിയ കുറ്റാരോപിതർ തങ്ങള്‍ ടൂറിസ്റ്റുകള്‍ മാത്രമാണെന്നു പറഞ്ഞ് പൊലീസിന്‍റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇവർക്കെതിരെ ഔദ്യോഗികമായി കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
Also Read: ഇസ്രയേൽ സൈനിക താവളത്തിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു
അതേസമയം, കൊലപാതകശ്രമത്തിലെ പങ്കാളിത്തം റഷ്യ നിഷേധിച്ചു. കേസ് യുകെ-റഷ്യ നയതന്ത്ര ബന്ധത്തെയും ഉലക്കുന്നതായാണ് റിപ്പോർട്ടുകൾ. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കിഴക്കൻ-പടിഞ്ഞാറൻ നയതന്ത്ര പ്രശ്നത്തിലേക്കാണ് ഈ സംഭവം നയിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.