
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പേരില്‍ അന്താരാഷ്ട്ര ക്രമിനല്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിലുള്ള എതിര്‍പ്പ് പിന്‍വലിച്ച് യുകെ. യുകെയില്‍ പുതിയ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇത്തരത്തിലൊരു നിലപാട് മാറ്റം ഉണ്ടായത്.
നെതന്യാഹു കൂടാതെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാനാണ് അറസ്റ്റ് വാറന്‍റ് ആവശ്യപ്പെട്ടത്. ഗാസയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്ന് ഇസ്രയേല്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യില്ലായെന്നാണ് യുകെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഈ നിലപാടില്‍ ലേബര്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ അത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിന്‍റെ പേരില്‍ അറസ്റ്റ് വാറന്‍റ് ഇറക്കുന്നതില്‍ കലാശിക്കും. അതോടെ ഇസ്രയേലിന് വെളിയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയരായ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നെതന്യാഹുവിന് സാധിക്കാതെയാവും.
തെരഞ്ഞെടുപ്പിനു മുന്‍പ് പഴയ സര്‍ക്കാരാണ് കോടതിക്ക് മുന്നില്‍ അറസ്റ്റ് വാറന്‍റിനെതിരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതെന്ന് യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറിന്‍റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നെതന്യാഹുവിന്‍റെ അറസ്റ്റില്‍ യുകെ സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കിയില്ല.
ഇസ്രയേലിനും പലസ്തീനും അനുകൂലമായി വിവിധ രാജ്യങ്ങള്‍ ക്രിമിനല്‍ കോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗാസയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ജര്‍മനിയുടെ നിര്‍ദ്ദേശം. അറസ്റ്റ് വാറന്‍റിനെ എതിര്‍ക്കാന്‍ യുകെയ്ക്ക് ഇസ്രയേലിന്‍റെയും യുഎസിൻ്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. എതിര്‍പ്പില്‍ നിന്നും യുകെ പിന്മാറിയാല്‍ യുഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്രയേല്‍- ഹമാസ് സമാധാന ചര്‍ച്ചകള്‍ തകരാറിലാകുമെന്നായിരുന്നു യുഎസ് വാദം.
ലേബര്‍ പാർട്ടിയുടെ കീഴില്‍ യുകെ സര്‍ക്കാര്‍ ഇസ്രയേലിന്‍റെ ശക്തരായ വിമര്‍ശകരായിരിക്കുമെന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ ഈ നയമാറ്റം. ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്താനും യുകെ വിദേശകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.