റഷ്യന്‍ ഡ്രോണാക്രമണങ്ങള്‍ക്ക് യുക്രെയ്ന്‍റെ തിരിച്ചടി; ലക്ഷ്യം വെച്ചത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല

റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നായ വോൾഗോഗ്രാഡ് ലക്ഷ്യമാക്കിയായിരുന്നു യുക്രെയ്ന്റെ ആക്രമണം
റഷ്യന്‍ ഡ്രോണാക്രമണങ്ങള്‍ക്ക് യുക്രെയ്ന്‍റെ തിരിച്ചടി; ലക്ഷ്യം വെച്ചത് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല
Published on

റഷ്യന്‍ ഡ്രോണാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കി യുക്രെയ്ന്‍. സുമി നഗരത്തിലെ ജനവാസ കേന്ദ്രത്തിലേക്ക് നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ റഷ്യയുടെ തെക്കൻ പ്രദേശത്തെ എണ്ണ ശുദ്ധീകരണശാലയിലേക്ക് യുക്രെയ്നും ഡ്രോണാക്രമണം നടത്തി. എൺപതോളം ഡ്രോണുകളാണ് സുമിയിലെ കെട്ടിടങ്ങൾ ലക്ഷ്യമാക്കി റഷ്യ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളില്‍ ഒന്നായ വോൾഗോഗ്രാഡ് ലക്ഷ്യമാക്കിയായിരുന്നു യുക്രെയ്ന്റെ ആക്രമണം. യുക്രെയ്ൻ ഡ്രോണാക്രമണം റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം നിഷ്പ്രഭമാക്കിയതായി ​ഗവർണർ ആന്ദ്രേ ബൊച്ചറോവ് അറിയിച്ചു. ഡ്രോണുകളിലൊന്നിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണതിന്റെ ഫലമായി, ഒരു എണ്ണ ശുദ്ധീകരണശാലയുടെ പ്രദേശത്ത് തീ പടർന്നതായും ​ഗവർണർ പറഞ്ഞു. തീ ഉടൻ തന്നെ അണച്ചെന്നും പരിക്കേറ്റ റിഫൈനറി തൊഴിലാളിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെന്നും ആന്ദ്രേ ബൊച്ചറോവ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച രാത്രിയിൽ 49 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിൽ 25 എണ്ണം തെക്കൻ റോസ്തോവ് മേഖലയിലും എട്ട് എണ്ണം വോൾഗോഗ്രാഡ് മേഖലയിലുമാണ്.


അതേസമയം, സുമിയിലെ റഷ്യൻ നടപടി ഭീകര കുറ്റകൃതൃമാണെന്നാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലന്‍സ്കി പ്രതികരിച്ചത്. "ഇതൊരു ഭീകര ദുരന്തമാണ്, റഷ്യയുടെ ഭീകരമായ കുറ്റകൃത്യമാണ്. ഈ ഭീകരതയ്ക്ക് റഷ്യയുടെ മേൽ സമ്മർദം ചെലുത്തുന്നതിൽ ലോകം ഒരു നിമിഷം പോലും കാത്തുനിൽക്കരുത്, സെലൻസ്കി പറഞ്ഞു.

19 മണിക്കൂർ നീണ്ട തെരച്ചിലുകൾക്ക് ഒടുവിലാണ് നാഷണൽ പൊലീസ് സുമിയില്‍ ഒൻപത് പേരുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ 61നും 74നും ഇടയിൽ പ്രായമുള്ള മൂന്ന് ദമ്പതികളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com