
ട്രംപ് അധികാരത്തിലേറുന്നതിന് മുന്‍പ് നാറ്റോ അംഗത്വമുറപ്പിക്കാനുള്ള ശ്രമം ശക്തമാക്കി യുക്രെയ്ന്‍. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആയുധ ശേഖരം ഉപേക്ഷിച്ച് ബുഡാപ്പെസ്റ്റ് മെമ്മോറാണ്ടത്തിൽ ഒപ്പു വെച്ച കാര്യം യുക്രെയ്ൻ ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് അടക്കം ഉണ്ടാകുന്ന ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടെന്നും യുക്രെയ്ൻ വിമർശനമുയർത്തി.
സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം, 1994 ലാണ് ബുഡാപ്പെസ്റ്റ് മെമ്മോറാണ്ടം ഒപ്പുവയ്ക്കുന്നത്. കരാർ പ്രകാരം, ലോകത്തിലെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം യുക്രെയ്ന്‍ ഉപേക്ഷിച്ചു. പകരം, റഷ്യയില്‍ നിന്ന് അടക്കമുണ്ടാകാവുന്ന ആക്രമണങ്ങളില്‍ സുരക്ഷ ലഭിക്കുമെന്നായിരുന്നു ഉറപ്പ്. കരാർ പ്രകാരമുള്ള ഈ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നാണ് യുക്രയ്ന്‍റെ ആരോപണം.
കരാറില്‍ ഒപ്പുവെച്ച അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചെെന കക്ഷികള്‍ വാക്കുപാലിക്കണമെന്നും തെറ്റുതിരുത്തണമെന്നും യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 1994 ഡിസംബർ 5ന് ഒപ്പുവെച്ച കരാർ 30ാം വാർഷികത്തിലേക്ക് എത്തുമ്പോഴാണ് നീക്കം.
സമവായ ചർച്ചകളോ മറ്റൊരു കരാറോ യുക്രെയ്നെ സംരക്ഷിക്കില്ല എന്നതിന്‍റെ സാക്ഷ്യമാണ് പരാജയപ്പെട്ട ബുഡാപെസ്റ്റ് കരാറെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലന്‍സ്കി പറഞ്ഞു.
2014 ല്‍ യുക്രെയ്നില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്ത റഷ്യയുടെ അധിനിവേശം മിന്‍സ്ക് കരാറിലാണ് അവസാനിച്ചത്. എന്നാല്‍ 2022 ല്‍ വീണ്ടും റഷ്യ വെല്ലുവിളി ആവർത്തിച്ചു. മൂന്നാമതും ഒരേ തെറ്റ് ആവർത്തിക്കാന്‍ യുക്രെയ്ന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സെലന്‍സ്കി പറഞ്ഞു. നേറ്റോയില്‍ പൂർണ അംഗത്വമല്ലാതെ മറ്റൊന്നിനും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നാണ് യുക്രെയ്ന്‍റെ വാദം.
അതേസമയം, ഇക്കാര്യത്തില്‍ നിർണായക തീരുമാനമെടുക്കേണ്ട അമേരിക്കയടക്കമുള്ള കക്ഷികള്‍ യുക്രെയ്ന്‍റെ നേറ്റോ അംഗത്വത്തിന്‍റെ കാര്യത്തിൽ അടിയന്തരതീരുമാനം പരിഗണിക്കുന്നില്ല എന്നാണ് നയതന്ത്ര വിദഗ്ദർ കരുതുന്നത്. ചൊവ്വാഴ്ച നടക്കുന്ന നാറ്റോ യോഗത്തില്‍ യുക്രെയ്ന്‍റെ അംഗത്വം ചർച്ചയായേക്കുമെങ്കിലും തീരുമാനത്തിലെത്താന്‍ ആഴ്ചകളോ മാസങ്ങളോ തന്നെ വേണ്ടിവരും. അപ്പോഴേയ്ക്കും തീരുമാനം നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കെെയ്യിലാകും.
ഇതൊഴിവാക്കാനാണ് യുക്രെയ്ന്‍റെ അവസാന ശ്രമം. എന്നാല്‍ യുക്രെയ്ന് നാറ്റോയുടെ സാങ്കേതിക സഹായമുണ്ടാകുമെന്ന് ഉറപ്പുനല്‍കുമ്പോഴും അംഗത്വവിഷയത്തില്‍ പരാമർശമില്ലാതെയാണ് നേറ്റോ മേധാവി യോഗത്തിലേക്ക് കടന്നത്. റഷ്യയുമായി ചർച്ചകളിലേക്ക് കടക്കുന്ന പക്ഷം, യുക്രെയ്ന് മേൽക്കൈ ലഭിക്കുന്നതിനാവശ്യമായ സെെനിക സഹായം വർദ്ധിപ്പിക്കാനും നാറ്റോ മേധാവി മാർക്ക് റുട്ടെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.