
നാറ്റോ സഖ്യത്തിൽ യുക്രെയ്ന് അംഗത്വം നൽകുന്നതിൽ പൂർണ പിന്തുണയുമായി നാറ്റോ രാജ്യങ്ങൾ. യുദ്ധത്തിന് ആവശ്യമായ എല്ലാവിധ സഹായവും യുക്രെയ്ന് നൽകുമെന്ന് നാറ്റോ അംഗങ്ങൾ അറിയിച്ചു. വാഷിംഗ്‌ടണിൽ നടന്ന നാറ്റോയുടെ 75 ആം വാർഷികത്തിലാണ് നാറ്റോ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻജെർഗ് തീരുമാനം അറിയിച്ചത്.
യുക്രെയ്‌ന് നൽകുന്ന പിന്തുണ സേവനത്തിൻ്റെ പേരിൽ അല്ലെന്നും നാറ്റോ അംഗങ്ങളുടെ സ്വന്തം സുരക്ഷാ താൽപ്പര്യത്തിൻ്റെ പുറത്താണെന്നും സെക്രട്ടറി വ്യക്തമാക്കി. യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധങ്ങളും ഉൾപ്പെടെ സഹായമായി നൽകുമെന്നും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. സഖ്യവും യുക്രെയ്നും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള നടപടിയുടെ ഭാഗമായി യുക്രെയ്ൻ സൈന്യവും, സൈനിക സഹായ യൂണിറ്റും തമ്മിലുള്ള ഏകോപനത്തിനായി പുതിയ യൂണിറ്റ് ആരംഭിക്കുമെന്ന തീരുമാനത്തിനും നാറ്റോ അംഗങ്ങൾ സമ്മതം നൽകി.
വ്യക്തിഗത അംഗങ്ങളിൽ നിന്നുള്ള സഹായങ്ങൾ നൽകുന്നതിനോടൊപ്പം നാറ്റോയിലേക്കുള്ള യുക്രെയ്ൻ്റെ അംഗത്വത്തിലേക്കു കൂടി വഴി ഇത് തുറക്കുന്നു. ആവശ്യമായ ജനാധിപത്യ, സാമ്പത്തിക, സുരക്ഷാ സംവിധാനങ്ങളിൽ പുരോഗതി കൈവരിച്ചാൽ മാത്രമേ അംഗത്വ പരിഗണനയിൽ മുൻഗണന നൽകുകയുള്ളു. യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലൻസ്കിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയും നാറ്റോ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു. അധികാരമേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയും സെലൻസ്കി നടത്തി.