
റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സായുധ സേന അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥരും റഷ്യൻ സൈനിക ബ്ലോഗർമാരുമാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് സൈനിക നീക്കം നടന്നത്.
യുക്രെയ്ന്റെ അധീനതയിലുള്ള റഷ്യൻ പട്ടണമായ സുഡ്‌ഷയുടെ വടക്കുകിഴക്കുള്ള ബോൾഷോ സോൾഡാറ്റ്‌സ്‌കോ ഗ്രാമത്തിലൂടെ യുക്രെയ്ൻ സായുധ സേന നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റഷ്യൻ കുടിയേറ്റ കേന്ദ്രമായ ബെർഡിൻ, സൈന്യം പിടിച്ചെടുത്തുവെന്നും പ്രദേശത്തെ മൈനുകൾ നീക്കം ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
സമാനമായ രീതിയിൽ ആറു മാസങ്ങൾക്ക് മുൻപും കുർസ്ക് മേഖലയിൽ അതിർത്തി കടന്ന് യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. അപ്പോൾ മുതൽ യുക്രെയ്ൻ സൈന്യത്തെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. നഷ്ടപ്പെട്ട 40 ശതമാനം മേഖലയും തിരിച്ചുപിടിക്കാൻ റഷ്യക്ക് സാധിച്ചെങ്കിലും പ്രദേശത്ത് നിന്നും യുക്രെയ്ൻ സൈന്യത്തെ പൂർണമായി പുറത്താക്കാൻ അവർക്ക് സാധിച്ചിട്ടില്ല.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ ഓഫീസ് മേധാവി ആൻഡ്രി യെർമാക്, കുർസ്കിലെ ആക്രമണം വിജയകരമായിരുന്നുവെന്നും അറിയിച്ചു. യുക്രെയ്‌ന്റെ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആൻഡ്രി കോവാലെങ്കോയും ഇത് സ്ഥിരീകരിച്ചു.
കുർസ്ക് ആണവ നിലയം പിടിച്ചെടുക്കാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നാണ് റഷ്യൻ സൈനിക ബ്ലോഗർമാരുടെ അനുമാനം. യുക്രെയ്ൻ ഇത് മുൻപ് നിഷേധിച്ചിരുന്നു. നിലവിൽ ആക്രമണങ്ങൾ നടക്കുന്ന മേഖലയിൽ നിന്ന് വളരെ അകലെയാണ് പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ജനുവരി 20ന് ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിനു പിന്നാലെയായിരുന്നു ഞായറാഴ്ചത്തെ സൈനിക നീക്കം. കുർസ്കിന് ചുറ്റുമുള്ള യുക്രെയ്ൻ നിയന്ത്രിത ഭൂമി സമാധാന ചർച്ചകളിൽ വലിയ പങ്കു വഹിക്കുമെന്നാണ് സെലെൻസ്‌കി നൽകുന്ന സൂചന.
അതേസമയം, 2022 ലെ അധിനിവേശത്തിനുശേഷം യുക്രെയ്‌നിനുള്ളിലെ റഷ്യയുടെ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി ഗ്രാമങ്ങളാണ് റഷ്യ പിടിച്ചെടുത്തത്.