
കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ ഗുരുതര പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. രാവിലെ 11 മണിയോടെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. ശ്വാസകോശത്തിൻ്റെ നില തൃപ്തികരമാണെന്നും അപകടനില പൂർണമായി തരണം ചെയ്യാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ. ഉമ തോമസ് മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചു.
ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടിന് മാറ്റമില്ല. എങ്കിൽകൂടി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാലും കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളായി തുടരുന്നതിനാലുമാണ് വെന്റിലേറ്ററിൽ നിന്നും മാറ്റി തീവ്രപരിചരണം തുടരാൻ വിദഗ്ധസംഘം തീരുമാനിച്ചത്.
ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു.
അതേസമയം, കലൂർ സ്റ്റേഡിയം 'മൃദംഗനാദം മൃദംഗവിഷൻ' മെഗാ ഭരതനാട്യം പരിപാടിക്ക് വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കൊച്ചി സ്വദേശി വിജിലൻസിന് പരാതി നൽകി. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നുമാണ് പരാതി. എന്നാൽ, എസ്റ്റേറ്റ് കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമല്ലെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ള പറഞ്ഞു. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും വീഴ്ച ആരുടേതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും ചന്ദ്രൻപ്പിള്ള അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ചയ്ക്ക് ശേഷമാണെന്നും ചെയർമാൻ വ്യക്തമാക്കി.