'പി.ടി ദൈവത്തോട് ഒപ്പം ചേർന്നു നിന്ന് എന്നെ കൈവെള്ളയിൽ എടുത്ത് കാത്തു'; ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് എംഎൽഎയെ ഡിസ്ചാർജ് ചെയ്തിരിക്കുന്നത്
ഉമാ തോമസ്
ഉമാ തോമസ്
Published on

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് എംഎൽഎയെ ഡിസ്ചാർജ് ചെയ്തിരിക്കുന്നത്. ഉമാ തോമസിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃത‍ർ അറിയിച്ചു. ഡിസംബർ 29നാണ് ​ഗുരുതരമായ പരിക്കുകളോടെ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



ചികിത്സയിലായിരുന്ന തന്നോട് നേഴ്സുമാർ മികച്ച രീതിയിലാണ് പെരുമാറിയതെന്ന് മാധ്യമങ്ങളെ കണ്ട ഉമാ തോമസ് പറഞ്ഞു. "ഓരോരുത്തരും ചേർത്തുപിടിച്ചു എന്നതാണ് എന്റെ ഈ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു. അതുപോലെ തന്നെ ഈശ്വരൻ കനിഞ്ഞനു​ഗ്രഹിച്ചു. ഒരുപക്ഷേ പി.ടി ദൈവത്തോട് ഒപ്പം ചേർന്ന് നിന്ന് എന്നെ കൈവെള്ളയിൽ എടുത്ത് കാത്തതാണ്. അതുകൊണ്ടായിരിക്കും അത്രയും വലിയ ഉയരത്തിൽ നിന്ന് വീണിട്ട് എനിക്ക് തലയ്ക്ക് ചെറിയ പരിക്കുകൾ മാത്രം പറ്റിയത്", ഉമാ തോമസ് പറഞ്ഞു. ചെറിയ കാര്യത്തിൽ നിന്നല്ല ഞാൻ കരകയറി വന്നതെന്ന് എനിക്കറിയാമെന്നും ഉമാ തോമസ് പറഞ്ഞു. റിനെയ് മെഡിസിറ്റിയിലെ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും എംഎൽഎ നന്ദി അറിയിച്ചു.

"പി.ടിയുടെ ഭാര്യ ആയതുകൊണ്ട് പി.ടിയുടെ പൾസ് എനിക്കുമുണ്ട് എന്ന് തന്നെ കരുതാം. തിരിച്ചുവരാൻ പറ്റുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പുറത്തേക്ക് വരണമെന്ന ഒരു വിശ്വാസവും ആ​ഗ്രഹവുമുണ്ടായിരുന്നു. അതായിരിക്കാം ഈ വേ​ഗത്തിലുള്ള റിക്കവറിക്കും കാരണം. ഓരോരുത്തർക്കും നന്ദി", ഉമാ തോമസ് പറഞ്ഞു.



ഡിസംബർ 29ന് ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് 'മൃദംഗനാദം' മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.

അശാസ്ത്രീയമായ സ്റ്റേജ് നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തിന് പിന്നാലെ പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേജ് ഉറപ്പിച്ചിരുന്നത് സിമന്റ് കട്ടകളിലാണ്, സിമന്റ് കട്ട പൊടിഞ്ഞ സ്റ്റേജ് തകരാൻ സാധ്യതയുണ്ടായിരുന്നു, സ്റ്റേജിന് കുലുക്കം ഉണ്ടായിരുന്നുവെന്നും തുടങ്ങിയ ഗുരുതര കണ്ടെത്തലുകളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്റ്റേജിൽ നടന്നുപോകാൻ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയത്. പിഡബ്ല്യുഡി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റേജിൽ നിന്ന് താഴേക്ക് വീണാൽ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികൾ അത് അവഗണിച്ചുവെന്നും റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com