
സിപിഎം നേതാക്കള്‍ ചാനൽ ചർച്ചകളിൽ പി.ടി തോമസിനെ അപമാനിക്കുന്നുവെന്ന് ഉമ തോമസ് എംഎൽഎ. പി.ടിയുടെ ഓർമ്മകളെ പോലും ഭയക്കുന്നുവെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. 2023ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല ഭേദഗതി ബില്ല് വീണ്ടും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു സഭയില്‍ സംസാരിക്കുകയായിരുന്നു ഉമ തോമസ്.
ഇതിനൊക്കെ മറുപടി നൽകാൻ പി.ടി ഉയർത്തെഴുന്നേറ്റു വരില്ല. പക്ഷേ കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ജനങ്ങൾ മറുപടി നൽകുമെന്നും ഉമ തോമസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതുപക്ഷ പ്രവർത്തകർക്കു പോലും പൊലീസിൽ നിന്ന് നീതി കിട്ടുന്നില്ല എന്ന് പറയുന്നുവെന്നും തൃക്കാക്കര എംഎല്‍എ കൂട്ടിച്ചേർത്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ സന്ദർശിച്ചപ്പോഴുണ്ടായ മോശം അനുഭവം വിശദീകരിച്ചു കൊണ്ടായിരുന്നു എംഎല്‍എയുടെ പ്രസ്താവന. എസ്എച്ച്ഒ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കേസിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ എസ്ഐ അനസ് എം. ബഷീർ രോഷാകുലനായെന്നും ഉമാ തോമസ് ആരോപിച്ചു.
Also Read:പുനരധിവാസം വേഗത്തിലാക്കണം; സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാത്തവര്‍ ദുരന്തബാധിത മേഖലയിലുണ്ട്: വി.ഡി. സതീശൻ
ഇതൊക്കെ സഭയിൽ പറയേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച് സ്പീക്കർ എ.എൻ. ഷംസീർ എംഎല്‍എയുടെ പ്രസംഗത്തിനിടയില്‍ ഇടപെട്ടു. പരാതികള്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ എഴുതിക്കൊടുക്കാനും ബില്ലിനെ അടിസ്ഥാനപ്പെടുത്തി സംസാരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. താൻ ഇവിടെയല്ലാതെ മറ്റെവിടെ പോയി പറയാനാണെന്നായിരുന്നു ഉമ തോമസിന്‍റെ മറുപടി. എഴുതിത്തന്നാൽ നടപടി ഉണ്ടാകുമെന്ന് സ്പീക്കർ എംഎല്‍എയെ അറിയിച്ചു.