
ഡല്‍ഹി കലാപക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്,ഷാര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിക്കൽ മാറ്റി. ഹർജി ഡല്‍ഹി ഹൈക്കോടതി നവംബർ 25 ന് പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ശലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹർജി മാറ്റിയത്.നേരത്തെ ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് ശര്‍മ പിന്മാറിയിരുന്നു. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനാണെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്.
ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതി രണ്ടു തവണ തള്ളിയിരുന്നു. കേസില്‍ ഉമര്‍ ഖാലിദിന് പുറമെ, ഷാര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, അതാര്‍ ഖാന്‍, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ഹര്‍ജികളും പുതിയ ബെഞ്ച് പരിഗണിക്കും.
2020 സെപ്റ്റംബര്‍ 14നാണ് ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസിൻ്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിടാന്‍ ഗൂഢാലോചന നടത്തി , എന്നീ കുറ്റങ്ങളാണ് ഉമർ ഖാലിദിന് മേൽ ചുമത്തിയത്.