
സംസ്ഥാനത്ത് അതിവേഗ റെയിൽ പാത ആവശ്യമെന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും സ്വപ്നമായിരുന്നെന്ന് സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. 'ഹൈ സ്പീഡ് കോറിഡോർ' എന്ന ആശയം അന്ന് യഥാർഥ്യമായിരുന്നെങ്കിൽ ഇന്നത്തെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും എന്നാൽ അത് പല കാരണങ്ങളാൽ യാഥാർഥ്യമായില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഇടതുപക്ഷത്തിൻ്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിന് പ്രതിപക്ഷത്ത് നിന്നും വലിയ രീതിയിലുള്ള എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന
സിൽവർ ലൈൻ പദ്ധതിക്ക് ഉമ്മൻചാണ്ടിയും വലിയ രീതിയിലുള്ള എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നു. ഇത് കേരളത്തിന് യോജിക്കുന്ന പദ്ധതിയല്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പക്ഷം. അതേസമയം 2012ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ മംഗലാപുരം വരെ നീളുന്ന അതിവേഗ റെയിൽപാത പദ്ധതി അവതരിപ്പിച്ചിരുന്നു. പല കാരണങ്ങളാൽ ഇത് യാഥാർഥ്യമായില്ല. ഇത് പരാമർശിച്ചുകൊണ്ടായിരുന്നു പന്ന്യൻ്റെ പ്രസ്താവന.
ഒപ്പം പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പന്ന്യൻ അഭിപ്രായപ്പെട്ടു. ഭരണാധികാരികൾ സമ്പത്തുണ്ടാക്കുന്നു എന്ന ആരോപണം ഉയർന്നപ്പോഴും ഉമ്മൻചാണ്ടിയെ കുറിച്ച് അങ്ങനെ ഒരു ആരോപണം ഉയർന്നില്ല. ഉമ്മൻചാണ്ടിയെ കാണാൻ ആർക്കും ക്യൂ നിൽക്കേണ്ടി വന്നിട്ടില്ലെന്നും ഏത് കാര്യത്തിനും നോ പറയാത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പന്ന്യൻ പറഞ്ഞു.