
യുക്രെയ്നിലെ സപ്പോരിജിയ ആണവ നിലയത്തിൽ നിന്ന് സൈനികരെയും മറ്റ് അനധികൃത ഉദ്യോഗസ്ഥരെയും റഷ്യ അടിയന്തിരമായി പിൻവലിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി ആവശ്യപ്പെട്ടു. 193 അംഗ ജനറൽ അസംബ്ലിയിൽ 99 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ഒമ്പത് പേർ എതിർക്കുകയും 60 പേർ വിട്ടുനിൽക്കുകയും ചെയ്തു.
2022 ഫെബ്രുവരിയിൽ യുക്രെയ്‌നിൽ പൂർണ അധിനിവേശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ സപ്പോരിജിയ പ്ലാൻ്റ് റഷ്യ പിടിച്ചെടുക്കുന്നത്. എന്നാൽ, യുക്രെയ്‌നിലെ നിർണായകമായ ഊർജ ഇൻഫ്രാ സ്ട്രക്ച്ചറിനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ആണവ ദുരന്തങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും, അത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും യുഎൻ വ്യക്തമാക്കി.
അതേസമയം, യുക്രെയ്‌നും റഷ്യയും യുദ്ധത്തിലുടനീളം ഷെല്ലാക്രമണങ്ങൾ ആണവനിലയങ്ങൾക്ക് നേരെ നടത്തിയിട്ടുണ്ടെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചു. എന്നാൽ റഷ്യയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ യുക്രെയ്ൻ, തങ്ങൾ അത്തരം ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്നും അറിയിച്ചു. ആണവ ദുരന്തങ്ങളുടെ ഭീകരത ആവർത്തിക്കാതിരിക്കാൻ യുഎൻ പ്രമേയത്തിന് എല്ലാ രാജ്യങ്ങളും വോട്ട് ചെയ്യണമെന്നും യുഎന്നിലെ യുക്രെയ്ൻ അംബാസഡർ ആവശ്യപ്പെട്ടു.