
സർക്കാർ ആശുപത്രിയിലെ ശോചനീയാവസ്ഥയിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. സർക്കാർ ആശുപത്രികളുടെ പരിസരത്ത് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. കൃത്യമായ സംവിധാനങ്ങൾ അവിടെ ഇല്ല. മന്ത്രിമാരോട് എന്ത് ചോദിച്ചാലും പാർട്ടിയുമായി ആലോചിക്കണമെന്ന് പറയുമെന്നും, ചില സ്വകാര്യ ആശുപത്രികൾ കണ്ടാൽ പായ വിരിച്ച് ഉറങ്ങാൻ തോന്നുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
അമ്മയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് പോകില്ലെന്നാണ് തൻ്റെ വിശ്വാസമെന്നും നടി മല്ലിക സുകുമാരൻ തുറന്നടിച്ചു. അമ്മയുടെ തുടക്കകാലത്ത് പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അത് ആദ്യം ചൂണ്ടിക്കാട്ടിയത് സുകുമാരൻ ആണ്. ലീഗലായി ഒരോ പോയിൻ്റും നിരത്തി തിരുത്താൻ സുകുമാരൻ പറഞ്ഞതാണെന്നും, അദ്ദേഹത്തിൻ്റെ മരണശേഷമാണ് അവർക്ക് ആ തെറ്റുകൾ മനസിലായതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്ന് ഭൂതത്തെ പുറത്ത് വിട്ടത് പോലെയായെന്നും നടി മല്ലിക സുകുമാരൻ പറഞ്ഞു. ഏഴ് കൊല്ലം മുമ്പ് ഒരു കുട്ടിക്ക് സംഭവിച്ച ദയനീയ സംഭവത്തിന് പിന്നാലെയാണ് ഹേമാ കമ്മിറ്റി വന്നത്. ആ കേസ് എവിടെ എത്തിയെന്ന് സർക്കാർ ആദ്യം പറയട്ടേയെന്നും, മൊഴികൾ നൽകിയവർ എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ലെന്ന് അവർ തന്നെ പറയണമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.