

തിരുവനന്തപുരത്ത് സർക്കാർ ഭൂമിയിൽ അനധികൃത മരംമുറി. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് എയർപോർട്ട് അതോറിറ്റിയുടെ കത്ത് മറയാക്കി അനധികൃതമായി മരം മുറിച്ചു കടത്തിയത്. കാലപ്പഴക്കമുള്ള കൂറ്റൻ മരങ്ങൾ ഉൾപ്പെടെ മുറിച്ചെന്നാണ് ആക്ഷേപം. സംഭവത്തിൽ പരിശോധന നടത്താൻ മന്ത്രി സജി ചെറിയാൻ്റെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷനു കീഴിലെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നാണ് അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയത്. കുന്നിൻ മുകളിൽ നിൽക്കുന്ന ഉയരമുള്ള മരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി എയർപോർട്ട് അതോറിറ്റി കത്ത് നൽകിയിരുന്നു. ഈ കത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചു മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് അനുമതി നൽകി. എന്നാൽ ഇത് മറയാക്കി നിരവധി മരങ്ങൾ മുറിച്ച് കടത്തിയതായാണ് ആക്ഷേപം.
ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടിയാണ് മരങ്ങൾ മുറിച്ചു കടത്തിയത് എന്നാണ് ആക്ഷേപം. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് പ്രവേശന നിയന്ത്രണം ഉള്ളതിനാൽ സംഭവം പുറത്തറിയാനും വൈകി. പ്രധാന ഗേറ്റിനു സമീപമാണ് കൂടുതൽ മരങ്ങൾ മുറിച്ചിരിക്കുന്നത്. കുറച്ച് ലോറിയിൽ പുറത്തേക്ക് കടത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ മന്ത്രി സജി ചെറിയാൻ വിഷയം പരിശോധിക്കാൻ നിർദേശം നൽകി.
തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥലത്തെത്തി പരിശോധന നടത്തി, ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. അതേസമയം നിയമാനുസൃതമായാണ് മരങ്ങൾ മുറിച്ചതെന്നും അക്കേഷ്യ, റബർ തുടങ്ങിയ മരങ്ങൾ ആണ് മുറിച്ചു മാറ്റിയതെന്നുമാണ് ചിത്രാഞ്ജലിയുടെ വിശദീകരണം.