ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊല്ലാന്‍ കാരണം വ്യക്തിവൈരാഗ്യം; നടുക്കം മാറാതെ ബാലരാമപുരം

അമ്മ ശ്രീതുവിനെ പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റി. ശ്രീതുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊല്ലാന്‍ കാരണം വ്യക്തിവൈരാഗ്യം; നടുക്കം മാറാതെ ബാലരാമപുരം
Published on

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുപ്പ് പൂത്തിയായ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ രണ്ടരവയസ്സുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റി. ശ്രീതുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും.

അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി നിലവില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു പകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചത്. ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടം മുതല്‍ പോലീസിന്റെ സംശയ നിഴലിലായിരുന്നു അമ്മ ശ്രീതു, അച്ഛന്‍ ശ്രീജിത്, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി ശ്രീകല എന്നിവര്‍.

ഇതില്‍ അമ്മയുടെയും അമ്മാവന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് നിര്‍ണായകമായതും അതുപോലെ തന്നെ പൊലീസിനെ കുഴപ്പിച്ചതും. ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയോടുകൂടി ഹരികുമാര്‍ കുറ്റസമ്മതം നടത്തി. വൈകുന്നേരം 6 മണിയോടു കൂടിയാണ് ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സഹോദരിയോടുള്ള വ്യക്തിവൈരാഗ്യമാണ് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിലേക്ക് പ്രതിയെ എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചു. ഇതു സംബന്ധിച്ചും പോലീസിന്റെ വിശദമായി ചോദ്യം ചെയ്യല്‍ തുടരും.

ശ്രീതുവും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും വീടിന് സമീപം കണ്ടെത്തിയ കയര്‍ കൊണ്ടുള്ള കുരുക്കുകളും ആദ്യ ഘട്ടത്തിലേ സംശയം ജനിപ്പിച്ചിരുന്നു. കുഞ്ഞിന്റെത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ഹരികുമാറിന്റെ മൊഴി ശരിവയ്ക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശ്രീതു ശുചിമുറിയില്‍ പോയ സമയം നോക്കി പുലര്‍ച്ചെ ആരും അറിയാതെ കുട്ടിയെ കിണറ്റില്‍ എറിഞ്ഞെന്നയിരുന്നു ഹരികുമാറിന്റെ മൊഴി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം കോട്ടുകാല്‍ കോണത്തെ കുടുംബവീട്ടില്‍ സംസ്‌കരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com