
അണ്ടർ 19 ടി20 വനിതാ ലോകകപ്പ് ഫൈനലിൽ ടോസ് ഭാഗ്യം കൈവിട്ടെങ്കിലും ബൗളിങ്ങിൽ തിളങ്ങി ഇന്ത്യൻ പെൺപട. ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ റണ്ണടിച്ചു കൂട്ടാൻ അനുവദിക്കാതെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് ക്വോലാലംപൂരിലെ ബയൂമാസ് ഓവൽ പിച്ചിൽ കാണാനായത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82/9 റൺസെടുത്തു. ഇന്ത്യക്ക് 83 റൺസാണ് വിജയലക്ഷ്യം. മൈക്ക് വാൻ വൂർസ്റ്റ് (23) ആണ് പ്രോട്ടീസ് പടയിലെ ടോപ് സ്കോറർ. 16 റൺസെടുത്ത ജെമ്മ ബോത്ത, കരാബോ മെസോ (10), ഫേ കൗളിങ് (15) എന്നിവരും കലാശപ്പോരിൽ പരമാവധി പൊരുതിനോക്കി. ഇന്ത്യക്കായി ആയുഷി വർമയും ജി. തൃഷയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റെടുത്തു.
സെമി ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ കൗമാര പെൺപടയെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ നീല കുപ്പായക്കാർ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്. സെമിയിൽ തമിഴ്‌നാട്ടുകാരിയായ ജി. കമാലിനിയുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലീഷ് പട ഉയർത്തിയ 114 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. സ്കോർ, ഇംഗ്ലണ്ട് 113/8 (20), ഇന്ത്യ 117/1 (15).