
ലോക്സഭ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ പാർട്ടിക്ക് മനസിലാക്കാനായില്ലെന്ന സ്വയം വിമർശനവുമായി സിപിഎം തൃശൂർ ജില്ല കമ്മറ്റി. തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെയും ബിജെപിയെയും നിസാരമായി കണ്ടതും, ഭരണ വിരുദ്ധ വികാരവും വലിയ തിരിച്ചടിയായി. തൃശൂർ പൂര വിവാദം വോട്ട് ചോർത്തിയെന്നും ജില്ല കമ്മറ്റി യോഗം വിലയിരുത്തി.
സംസ്ഥാന നേതൃയോഗങ്ങളുടെ ചുവുടുപിടിച്ചായിരുന്നു സിപിഎം തൃശൂർ ജില്ല കമ്മറ്റി യോഗം ചേർന്നത്. യോഗത്തിൽ പേരിന് മാത്രം വിമർശനങ്ങളാണ് ഉയർന്നതെങ്കിലും വിലയിരുത്തലുകൾ ഏറെയുണ്ടായി. യോഗത്തിൽ സംസാരിച്ച നേതാക്കളിൽ മിക്കവരും പിന്നീടുയർന്ന വിവാദങ്ങളോട് മൗനം പാലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിലെ വീഴ്ചകളിൽ പോലും കാര്യമായ ചർച്ചകൾ ഉണ്ടായിട്ടില്ല.
കരുവന്നൂരും, തൃശൂർ പൂര വിവാദവും , ഭരണവിരുദ്ധ വികാരവുമെല്ലാം തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചുവെന്നായിരുന്നു പ്രധാന വിമർശനം. ഇതിനെ ഗൗരവമായി കാണമെന്ന് ചില നേതാക്കൾ പറഞ്ഞു. എന്നാൽ പരാജയത്തെ കുറിച്ച് പരിശോധിക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ല. തെരഞ്ഞെടുപ്പ് ചുമതല വഹിച്ച നേതാക്കളെ കുറിച്ച് സിപിഐ ഉയർത്തിയ വിമർശനങ്ങൾ ജില്ല കമ്മറ്റി പൂർണമായും അവഗണിച്ചു. അടിത്തട്ടിലെ വോട്ട് ചോർച്ചയും ബിജെപിയുടെ പ്രവർത്തനവും മനസിലാക്കാനായില്ലെന്നും സുരേഷ് ഗോപിയെയും ബിജെപിയെയും നിസാരമായി കണ്ടെന്നും പാർട്ടിയ്ക്കുള്ളിൽ വിമർശനമുയർന്നു.
ന്യൂന പക്ഷങ്ങൾ എൽഡിഎഫിന് എതിരായെന്നും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും കമ്മിറ്റി വിലയിരുത്തി. കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.കെ.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ചർച്ച ഇന്നും തുടരും.