മാറ്റത്തിൻ്റെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാതെ പോയ ന്യൂനപക്ഷ പ്രാതിനിധ്യം

15 ശതമാനത്തോളം വരുന്ന മുസ്ലീം വിഭാഗത്തിൻ്റെ പ്രാതിനിധ്യം ഇത്തവണത്തെ സഭയിൽ വളരെ തുച്ഛമാണ്.
മാറ്റത്തിൻ്റെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാതെ പോയ ന്യൂനപക്ഷ പ്രാതിനിധ്യം
Published on

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പക്ഷെ, ന്യൂനപക്ഷ പ്രാതിനിധ്യത്തിൻ്റെ കാര്യമെടുത്താൽ സംഗതി നേരെ തിരിയും. 15 ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാഗ പ്രാതിനിധ്യം ഇത്തവണത്തെ ലോക്‌സഭയിൽ വളരെ കുറവാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം ഇത്തവണ 78 മുസ്ലിം സ്ഥാനാർത്ഥികളാണ് പ്രധാന പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരരംഗത്തെത്തിയത്. ഇതിൽ നിന്നും ഐ.എന്‍.ഡി.ഐ.എ സഖ്യത്തിൽ നിന്നുള്ള 21 പേരടക്കം 24 പേർ ലോക്‌സഭയിലെത്തി. അതിൽ തന്നെ കോൺഗ്രസിന് ഒമ്പത്, തൃണമൂലിൽ നിന്നും അഞ്ച്, സമാജ്‌വാദി പാർട്ടിയിൽ നിന്നും നാല്, മുസ്‌ലിം ലീഗിൻ്റെ രണ്ട്, നാഷണൽ കോൺഫറൻസിൽ നിന്നും ഒന്ന് എന്നിങ്ങനെ പോകുന്നു മുസ്‌ലിം എംപിമാരുടെ കണക്കുകൾ. കൂടാതെ എ.ഐ.എം.ഐ.എമ്മിന് ഒരു മുസ്‌ലിം എംപിയുമുണ്ട്. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഇത്തവണ ജയിച്ചു വന്നു. എന്നാൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഒരു മുസ്‌ലിം എംപി പോലുമില്ല.

ലോകസഭയിലെ ആകെ അംഗബലത്തിൻ്റെ 4.42% മാത്രമാണ് ഇപ്പോഴത്തെ മുസ്‌ലിം പ്രാതിനിധ്യം. എക്കാലത്തെയും ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിഹിതമാണിത്. 23 മുസ്‌ലിം എംപിമാർ മാത്രം ലോക്സഭയിലെത്തിയ 2014 ലായിരുന്നു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ന്യൂനപക്ഷ പ്രാതിനിധ്യം രേഖപ്പെടുത്തിയത് . 1980-ലെ 49 ഉം 1984- ലെ 45 ഉം ഒഴിച്ചാൽ ലോക്‌സഭയിലെ മുസ്‌ലിം എംപിമാരുടെ എണ്ണം ഒരിക്കലും 40 കവിഞ്ഞിട്ടില്ല. ബിജെപി അധികാരത്തിലെത്തിയ കഴിഞ്ഞ മൂന്ന് പൊതു തെരഞ്ഞെടുപ്പിലേയും ലോക്‌സഭാ മുസ്‌ലിം പ്രാതിനിധ്യം അഞ്ച് ശതമാനത്തിൽ താഴെ മാത്രമായിരുന്നു. 2019ൽ മുസ്‌ലിം പ്രാതിനിധ്യം 27 ശതമാനമായിരുന്നു. സമാജ് വാദി പാർട്ടി എംപിയായിരുന്ന അസംഖാന്‍ രാജിവെച്ച ഒഴിവില്‍ രാംപൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതോടെ അത് 26 ആയി കുറഞ്ഞു. 2009, 2014, 2019, 2024 പൊതു തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം എംപിമാരുടെ എണ്ണം യഥാക്രമം 28, 23, 26, 24 എന്നിങ്ങനെയാണ്.

ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച 24 പേരില്‍ 14 പേരും മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലുള്ള മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചിട്ടുള്ളവരാണ്. അസമിലെയും കേരളത്തിലെയും മുസ്‌ലിം എംപിമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അസമിൽ പ്രാതിനിധ്യം 14 ൽ നിന്ന് ഏഴ് ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 19 ൽ നിന്ന് 15 ശതമാനമായി. 2024 ൽ ഐ.എന്‍.ഡി.ഐ.എ സഖ്യം യുപിയിൽ ഭൂരിപക്ഷം സീറ്റുകൾ നേടിയിട്ടും മുസ്‌ലിം എംപിമാരുടെ വിഹിതം 2019ലെ 8% ൽ നിന്ന് 6% ആയി ചുരുങ്ങി.

കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ ജീവിതം അരക്ഷിതമാകുമെന്ന് പ്രസംഗങ്ങളിൽ ആവർത്തിച്ചയാളാണ് നരേന്ദ്രമോദി. ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾക്ക് ശേഷം മോദിയുടെ പ്രസംഗം ഈ ദിശയിലായിരുന്നു. ദളിത്- ആദിവാസി-ഒബിസി വിഭാഗത്തിനുള്ള ക്ഷേമപദ്ധതികൾ മുസ്‌ലിം വിഭാഗത്തിന് നല്‍കുമെന്ന വ്യാജ പ്രചരണവുമുണ്ടായി. പല സ്ഥാനാർത്ഥി നിർണയങ്ങളെയും ഇത് ബാധിച്ചിരിക്കാം. 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 19 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ഇക്കാര്യത്തിൽ ശ്രദ്ധയുള്ള മമത പോലും ഇത്തവണ മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം 13 ല്‍ നിന്ന് ഏഴ് ആയി കുറച്ചു. 2019 ല്‍ എട്ട് സീറ്റുകൾ മുസ്‌ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച സമാജ്‌വാദി പാര്‍ട്ടി ഇത്തവണ എണ്ണം ചുരുക്കി നാലാക്കി. അതേസമയം കഴിഞ്ഞ 30 വർഷത്തിനിടെ ഗുജറാത്തിൽ നിന്ന് ഒരു മുസ്‌ലിം എംപി പോലും ഉണ്ടായിട്ടില്ല.

ജനാധിപത്യ സംവിധാനത്തിന് ജനസംഖ്യാനുപാതികമായി സഭകളിൽ പ്രാതിനിധ്യമുറപ്പാകണം. ഇന്ത്യൻ ലോക്സഭകളുടെ ചരിത്രം പരിശോധിച്ചാൽ അത്തരം പ്രാതിനിധ്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കാണാം. ഏറ്റവും കൂടുതൽ മുസ്‌ലിം എംപിമാർ ഉണ്ടായ 1980ൽ പോലും ഇത് 9.04 ശതമാനം മാത്രമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com