
നല്ല തൊഴിലുണ്ടാക്കുകയാണ് 21ാം നൂറ്റാണ്ടിലെ ആവശ്യമെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. കേരളത്തിൽ അത് അതിതീവ്രമാണ്. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം വരണം. അതിനായി മുഖ്യധാര രാഷ്ട്രീയ കക്ഷികൾ തമ്മിൽ ധാരണയിലെത്തണം. അതിൽ ബിജെപിയെ കൂട്ടുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. '21ാം നൂറ്റാണ്ടിലെ പുതിയ കേരളം; സാധ്യതകളും വെല്ലുവിളികളും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കൃഷിയെയും വ്യവസായത്തെയും അത്യാധുനികവത്ക്കരിക്കാതെ നിലനിർത്താനാകില്ല. ഇപ്പോഴും ആറുവരി പാതയില്ല കേരളത്തിൽ. പണി നടക്കുന്നതേയുള്ളൂ. നമ്മുടെ വ്യവസായ പാർക്കുകൾ അറുപതുകളിലെ സ്വഭാവമുള്ളത്. ഒരു വലിയ പദ്ധതിയും ഒരു സർക്കാരിൻ്റെ കാലത്ത് മാത്രം പൂർത്തിയാകില്ല. ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, തള്ളിക്കളയുകയല്ല വേണ്ടത്. സ്ത്രീ നീതി വളരെ പ്രധാനപ്പെട്ടതാണ്. ധനകാര്യം എന്നത് വരവും ചെലവും ഒപ്പിക്കുന്ന പരിപാടിയല്ല. ഒരാളുടെ തലയിൽ മാത്രം ഇടേണ്ട കാര്യമല്ല," തോമസ് ഐസക് കൂട്ടിച്ചേർത്തു.