
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതി. അന്ത്യകര്‍മങ്ങള്‍ക്കായി പ്രിയപ്പെട്ടവരുടെ അസ്ഥികളെങ്കിലും കിട്ടുമോ എന്നറിയാന്‍ തുടര്‍ന്ന കാത്തിരിപ്പ്. ഡിഎന്‍എ പരിശോധനകള്‍... 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ജൂലൈ പതിനൊന്നിന് സെബ്രനിക്കയില്‍ എണ്ണായിരത്തിലധികം മുസ്ലീങ്ങളെയാണ് ബോസ്നിയന്‍ സൈന്യം കൊന്നുതള്ളിയത്. ആ നിലവിളികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ഈ വർഷം മുതൽ ജൂലൈ പതിനൊന്ന് സ്രെബ്രനിക്ക വംശഹത്യയുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുകയാണ്. എന്താണ് സെബ്രനിക്ക വംശഹത്യ? എന്തിനായിരുന്നു മുസ്ലീങ്ങളെ കൊന്നുതള്ളിയത്?
സമാനതകളില്ലാത്ത വംശഹത്യ
1992-95. ബോസ്നിയയില്‍ യുദ്ധം കൊടുമ്പിരികൊണ്ട കാലം.കിടപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെട്ടവരെല്ലാം സുരക്ഷിതമേഖലകളിലേക്ക് ഓടി രക്ഷപ്പെട്ടുകൊണ്ടിരുന്നു. മലയോര പ്രദേശമായ കിഴക്കന്‍ ബോസ്നിയയിലെ സെബ്രനിക്കയിലേക്കായിരുന്നു ഏറെപ്പേരും എത്തിയത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷിത മേഖലാ പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശം എന്നതായിരുന്നു ജനങ്ങളെ അവിടേക്കെത്തിച്ചത്. യു.എന്‍ സമാധാന സേനയുടെ കാവലുണ്ടാകുമെന്ന് അവര്‍ കണക്കുക്കൂട്ടി. പക്ഷേ, പ്രതീക്ഷകളെല്ലാം അസ്തമിച്ചു. സമാനതകളില്ലാത്ത കൂട്ടക്കുരുതിയാണ് പിന്നീട് ലോകം കണ്ടത്.
1995ല്‍, ബോസ്നിയാക്കുകള്‍ എന്നറിയപ്പെടുന്ന ബോസ്നിയന്‍ മുസ്ലീങ്ങള്‍ സെബ്രനിക്കയില്‍ അഭയം തേടിയിട്ടുണ്ടെന്ന് അറിഞ്ഞ സെര്‍ബ് സൈന്യം അങ്ങോട്ടേക്കു നീങ്ങി. റിപ്പബ്ലിക്ക സിര്‍പ്സ്ക എന്ന സ്വയം പ്രഖ്യാപിത സ്വയംഭരണത്തിന്റെ തലവനായിരുന്ന റഡോവന്‍ കരാഡിച്ചിൻ്റെ നിര്‍ദേശ പ്രകാരമായിരുന്നു സെബ്രനിക്കയിലേക്കുള്ള സൈനിക നീക്കം. സെബ്രനിക്കന്‍വാസികളുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തുന്ന തരത്തില്‍ അരക്ഷിതാവസ്ഥ നിറഞ്ഞ ദുസഹമായൊരു സാഹചര്യം സൃഷ്ടിക്കുക - ഇതായിരുന്നു കരാഡിച്ചിൻ്റെ നിര്‍ദേശം. സൈന്യത്തെ നയിച്ച ജനറല്‍ റാട്കോ മ്ലാഡിച്ച്, അതിനെ ഇങ്ങനെ വായിച്ചു, " മുസ്ലീങ്ങള്‍ക്കെതിരായ പ്രതികാരത്തിന് സമയമായി'.
മുസ്ലീം സമുദായത്തെ ഒന്നടങ്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൈന്യം മുന്നേറി. പ്രദേശത്തെ കോട്ടകെട്ടി സംരക്ഷിക്കാനെത്തിയ യുഎന്‍ സമാധാനസേനയുടെ ഭാഗമായ ഡച്ച് സൈന്യം പരാജയം സമ്മതിച്ചു. ചിലര്‍ ഓടിയൊളിച്ചു, ചിലര്‍ കീഴടങ്ങി. സെബ്രനിക്ക സെര്‍ബ് സൈന്യത്തിന്റെ അധീനതയിലായി. രക്ഷകരുടെ വേഷമണിഞ്ഞ്, സെര്‍ബ് സൈന്യം അഭയാര്‍ഥി ക്യാംപുകളിലെത്തി. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണെന്ന വ്യാജേനെ, സ്ത്രീകളെയും കുട്ടികളെയും ആദ്യം വാനുകളില്‍ കയറ്റി കൊണ്ടുപോയി. പിന്നാലെ, എണ്ണായിരത്തോളം വരുന്ന പുരുഷന്മാരെ മറ്റൊരു വാഹനത്തില്‍ കയറ്റി സൈന്യത്തിന്റെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ചു.
ക്രൂരമായ പീഡനങ്ങള്‍ ഏറ്റുതുടങ്ങിയപ്പോള്‍ മാത്രമാണ്, ചതിക്കപ്പെട്ടുവെന്ന യാഥാര്‍ഥ്യം അവര്‍ മനസിലാക്കിയത്. ആഴ്ചയോളം നീണ്ടുനിന്ന ക്രൂരത, മര്‍ദനം. ജാദർ നദീതടം, സൊർസ്‌ക താഴ്‌വര, ക്രാവികയിലെ വെയർഹൗസുകൾ തുടങ്ങി പതിന്നൊന്നോളം ഇടങ്ങളിലായി മുസ്ലീങ്ങള്‍ കൊന്നു തള്ളപ്പെട്ടു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വലിയ കുഴികളുണ്ടാക്കി, മൃതദേഹങ്ങള്‍ കൂട്ടിയിട്ട് മണ്ണിട്ടു മൂടി. മരിച്ചവരുടെ കൂട്ടത്തിൽ മൃതപ്രായമായവരും ഉണ്ടായിരുന്നു. പലയിടങ്ങളിലായി ഇത്തരം കുഴികളുണ്ടാക്കിയിരുന്നു. സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു, സൈന്യം അവരെ ലൈംഗിക അടിമകളാക്കി. സമാനതകളില്ലാത്ത ക്രൂരത അരങ്ങേറുമ്പോള്‍, യുഎന്‍ സേന കാഴ്ചക്കാരായി നിന്നു.
1992 മുതല്‍ 1995 വരെ നടന്ന ബോസ്‌നിയന്‍ യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. അതില്‍ എണ്ണായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടത്, 1995 ജൂലൈ 11 മുതല്‍ ഒരാഴ്ചക്കാലത്തിനിടയില്‍ സ്രെബ്രനിക്കയില്‍ മാത്രമായിരുന്നു. ഓപ്പറേഷന്‍ ക്രിവാജയിലൂടെ സൈന്യം ലക്ഷ്യമിട്ടത് വംശഹത്യ മാത്രമായിരുന്നു എന്ന് മനസിലാക്കാന്‍ ഈ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ മതിയാകും. ബോസ്നിയൻ ഫെഡറൽ കമ്മീഷൻ്റെ കണക്കനുസരിച്ച് 8,372 പേരെയാണ് അന്ന് കാണാതായത്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ നിന്നാണ് രഹസ്യ കുഴിമാടങ്ങളെക്കുറിച്ച് അന്വേഷണസംഘം അറിഞ്ഞത്. അവ തുറന്ന് പരിശോധിക്കുമ്പോഴേക്കും, ശരീരങ്ങളെല്ലാം മനസിലാകാത്തവിധം ദ്രവിച്ചിരുന്നു. ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പല കുഴികളില്‍നിന്നായി ലഭിക്കുന്ന സാഹചര്യം വരെയുണ്ടായി. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ ഫോറെന്‍സിക് പരിശോധനകള്‍ക്ക് സെബ്രനിക്ക വേദിയായി. ഡി.എന്‍.എ പരിശോധനയിലൂടെയാണ് പലരെയും തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ തിരിച്ചറിഞ്ഞ 6671 പേരെ പോട്ടോകാരിയില്‍ അടക്കം ചെയ്തു. മൂന്ന് പതിറ്റാണ്ട് ആകുമ്പോഴും, സെബ്രനിക്കയില്‍ പുതിയ കുഴിമാടങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുക്കുന്നുണ്ട്.
കാരണമൊന്നു മാത്രം, മുസ്ലീം വിരോധം
തുർക്കികളുടെ കാലത്ത് കുടിയേറിപാർത്ത ബോസ്നിയൻ മുസ്ലിങ്ങളോടുള്ള സെർബിയയുടെ കടുത്ത വിരോധമായിരുന്നു കൂട്ടക്കൊലയ്ക്കുള്ള പ്രധാന കാരണം. യൂഗോസ്ലാവ്യയുടെ തകര്‍ച്ചയ്ക്കു പിന്നാലെ രൂപംകൊണ്ട സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ബോസ്നിയ ഹെർസെഗോവിനയിലെ ഭൂരിപക്ഷ വിഭാഗം ബോസ്നിയൻ മുസ്ലീങ്ങളായിരുന്നു. അതില്‍ സെര്‍ബുകള്‍ക്കുണ്ടായ രോഷം ചെറുതായിരുന്നില്ല. ബോസ്നിയന്‍ മുസ്ലീങ്ങളോടുള്ള വംശീയവൈരവും സെര്‍ബ് വംശജര്‍ മാത്രമുള്ള ഗ്രേയ്റ്റര്‍ സെര്‍ബിയ രൂപീകരിക്കാനുള്ള തീവ്ര ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങളുമൊക്കെ വംശഹത്യക്ക് വിത്തു പാകി. വംശീയാന്ധത കടുത്തതോടെ, കുട്ടികളെന്നോ പ്രായമായവരെന്നോ സ്ത്രീകളെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ ബോസ്നിയാക്കുകളുടെ ജീവിതം ചവിട്ടിയരയ്ക്കപ്പെട്ടു. ഹിറ്റ്ലറുടെ നാസി വംശഹത്യയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആ ക്രൂരതകള്‍.
വംശഹത്യ നയിച്ച മ്ലാഡിച്ചും, ബോസ്‌നിയയുടെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന കരാഡിച്ചും, ബോസ്നിയന്‍ സെര്‍ബ് ഇന്റലിജെന്‍സ് ഓഫീസറും ഉള്‍പ്പെടെ 47 പേര്‍ക്കെതിരെ ദേശീയ, അന്താരാഷ്ട്ര കോടതികളില്‍ യുദ്ധക്കുറ്റം ചുമത്തപ്പെട്ടു. പഴയ യൂഗോസ്ലാവിയയ്ക്കുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രെബ്യൂണല്‍, വംശീയ ഉന്മൂലനം, ബോബ് വര്‍ഷം, അക്രമണം, മനുഷ്യത്വ വിരുദ്ധത എന്നിങ്ങനെ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത് . കേസില്‍ അറസ്റ്റും ശിക്ഷയുമൊക്കെ വന്നു. എന്നാല്‍ അതിനെ വംശഹത്യയായി കണക്കാക്കാന്‍ സെര്‍ബിയക്കാര്‍ തയ്യാറായിട്ടില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്, സെര്‍ബിയ മുന്‍ പ്രസിഡന്റ് മിലറോഡ് ഡോഡിച്ചിന്റെ പ്രസ്താവന. സെര്‍ബിയന്‍ ജനതയെ മനപൂര്‍വം ഇകഴ്ത്താനായി ലോകരാജ്യങ്ങള്‍ കെട്ടിച്ചമച്ചൊരു മിത്ത്. അതില്‍ ഏതാനും വ്യക്തികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഒരു സമൂഹത്തെ അല്ലെങ്കില്‍ വംശത്തെ പൂര്‍ണമായും അധിക്ഷേപിക്കാന്‍ ഇതുകൊണ്ട് മാത്രം കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സ്രെബ്രനിക്ക കൂട്ടക്കൊലയെ വംശഹത്യയായി പ്രതിപാദിച്ച 2004ലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് 2018ല്‍ അവര്‍ പിന്‍വലിച്ചിരുന്നു. യുദ്ധകാല നേതാവായിരുന്ന റഡോവന്‍ കറാഡിച്ചും മ്ലാഡിച്ചുമൊക്കെ അവർക്ക് വീര പുരുഷന്മാരുമാണ്. യുഎന്‍ സംരക്ഷിത മേഖലയായിരിക്കുമ്പോഴാണ് സെബ്രനിക്കയില്‍ വംശഹത്യ അരങ്ങേറിയത്. യുഎന്‍ ദൗത്യസംഘത്തിലുണ്ടായിരുന്ന ഡച്ച് സേനയ്ക്ക് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനാകില്ലെന്ന് കാണിച്ച് സ്രെബ്രനിക്കയിലെ അമ്മമാര്‍ നീതി തേടി. ദൗത്യത്തില്‍ സേന വരുത്തിയ വീഴ്ചയാണ് കൂട്ടക്കുരുതി ഭീകരമാകാന്‍ കാരണമെന്ന് ഡച്ച് കോടതിക്കും വിധി പറയേണ്ടിവന്നു.
യുദ്ധാനന്തരം ബോസ്‌നിയ രണ്ട് സ്വയം ഭരണാധികാര രാജ്യങ്ങളായി. ബോസ്‌നിയാക്കുകളും ക്രോട്‌സുകളും ഉള്‍പ്പെടുന്ന ബോസ്‌നിയ ഹെർസെഗോവിനയും, സെര്‍ബുകള്‍ ഉള്‍പ്പെടുന്ന റിപബ്ലിക്ക സിര്‍പ്‌സ്‌കയും. പില്‍ക്കാലത്ത് ഇവ രണ്ടില്‍ നിന്നുമുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബ്രിക്കോ എന്ന ഒരു സ്വയംഭരണ പ്രദേശവും രൂപീകരിക്കപ്പെട്ടു. ഡെയ്‌ടോണ്‍ സമാധാന കരാറിലൂടെ റിപബ്ലിക സിര്‍പ്‌സ്‌ക ഇന്നൊരു സ്വതന്ത്ര ഭരണപ്രദേശമാണ്. ഇനി, ജൂലൈ 11 ഓർമ ദിനമാണ്. കാലത്തിന്റെ ഏത് ചുവരെഴുത്തുകൊണ്ടും മായ്ച്ചുകളയാന്‍ കഴിയാത്ത കൂട്ടക്കൊലയെക്കുറിച്ച് ഓര്‍ക്കേണ്ട ദിനം. വംശഹത്യ ജീവനെടുത്ത പതിനായിരങ്ങളുടെ ഓര്‍മകള്‍ക്കൊപ്പം, തകര്‍പ്പെട്ട കുടുംബങ്ങളുടെ നീതിക്കായി പോരാടിയ സെബ്രനിക്കയിലെ അമ്മമാരെയും ഓര്‍ക്കാനുള്ള ദിനം.