
ഉത്തരാഖണ്ഡില്‍ ഇന്ന് മുതൽ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും. യുസിസി പോർട്ടൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം ചെയ്യും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ള കാര്യങ്ങൾക്ക് ഒരൊറ്റ നിയമം ബാധകമാക്കുന്ന നിയമം ഇന്ന് ഉച്ചയോടെയാണ് നിലവിൽ വരിക. ജനുവരി മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് നേരത്തെ അറിയിച്ചിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. തുടർന്ന് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുമെന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിനു പിന്നാലെയായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഏകീകൃത സിവിൽ കോഡ് നടപ്പാകുന്നതോടെ ഉത്തരാഖണ്ഡിൽ എല്ലാ മതവിശ്വാസികളുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും. നിലവിലെ വ്യവസ്ഥകളോട് ചേർന്ന്, എല്ലാ മതവിശ്വാസങ്ങളിലുംപെട്ട പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 21 ഉം തന്നെ ആയിരിക്കും.
വിവാഹത്തിന് കൃത്യമായ രജിസ്ട്രേഷൻ, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങൾ, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങൾ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വത്തിന് നിരോധനം തുടങ്ങിയവയാണ് മറ്റ് നിയമങ്ങൾ.