12.75 ലക്ഷം വരെ ശമ്പളക്കാർക്ക് നികുതിയില്ല, കണക്കുകൾ മനസിലാക്കാം സിംപിളായി!

ഏറ്റവും പ്രധാന കാര്യം സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം രൂപ വരെ ശമ്പളക്കാരായ നികുതി ദായകര്‍ക്ക് നേട്ടം ലഭിക്കും
12.75 ലക്ഷം വരെ ശമ്പളക്കാർക്ക് നികുതിയില്ല, കണക്കുകൾ മനസിലാക്കാം സിംപിളായി!
Published on


ഇക്കുറി കേന്ദ്ര ബജറ്റിൽ നികുതി ദായകർക്ക് ആശ്വാസമേകുന്ന വലിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. പുതിയ നികുതി ഘടനയിൽ ടാക്സ് സ്ലാബ് പുനഃക്രമീകരിച്ച് ധനമന്ത്രാലയം 12 ലക്ഷം രൂപ വരെ നികുതി ഒഴിവാക്കിയതോടെ വലിയൊരളവ് വരെ നികുതി ദായകർക്ക് ഇതിലൂടെ ആസ്വാസം ലഭിക്കും.



ഏറ്റവും പ്രധാന കാര്യം സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം രൂപ വരെ ശമ്പളക്കാരായ നികുതി ദായകര്‍ക്ക് നേട്ടം ലഭിക്കും. ശമ്പളക്കാരായ നികുതി ദായകര്‍ക്ക് മറ്റു രേഖകളില്ലാതെ ലഭിക്കുന്ന നികുതി ഇളവാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. പുതിയ ടാക്സ് സ്ലാബിൽ 75,000 രൂപ വരെയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കുക. പുതിയ പ്രഖ്യാപനത്തോടെ ഈ വരുമാനക്കാര്‍ക്കും നികുതിബാധ്യത ഒഴിവാക്കാനാകും.



നേരത്തെ ഏഴ് ലക്ഷം രൂപ വരെയായിരുന്നു ഇൻകം ടാക്സ് ഒഴിവാക്കിയിരുന്നത്. മൂലധന നേട്ടം പോലുള്ള പ്രത്യേക ഗ്രേഡ് വരുമാനം ഒഴികെ, സാധാരണ വരുമാനം 12 ലക്ഷം വരെയുള്ള നികുതി ദായകർക്ക് പുതിയ ടാക്സ് സ്ലാബിൽ നികുതി ബാധ്യത ഉണ്ടാകില്ലെന്നാണ് കേന്ദ്ര ധനമന്ത്രി ഇന്ന് ബജറ്റ് പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.

ആദായ നികുതി റിബേറ്റ് ലഭിക്കുന്നതിനുള്ള പരിധി ഏഴു ലക്ഷത്തില്‍ നിന്നും 12 ലക്ഷമാക്കി ഉയര്‍ത്തി. ഇതിനൊപ്പം സെക്ഷന്‍ 87 എ പ്രകാരമുള്ള റിബേറ്റ് 25,000 രൂപയില്‍ നിന്നും 60,000 രൂപയായും ഉയര്‍ത്തി. ഇതുവഴിയാണ് 12 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകുന്നത്. എന്നാല്‍ ഈ റിബേറ്റ് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് പോലുള്ള വരുമാനത്തിന് ലഭിക്കില്ല.



12.75 ലക്ഷം രൂപ ശമ്പള വരുമാനമുള്ള ഒരു വ്യക്തിക്ക് 75,000 രൂപ 'സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഇളവ്' നേടിയാല്‍ നികുതി ബാധകമായ വരുമാനം 12 ലക്ഷം രൂപയായി കുറയും. ഈ 12 ലക്ഷം രൂപയില്‍ ആദ്യത്തെ നാല് ലക്ഷം രൂപയ്ക്ക് നികുതിയില്ല. ശേഷം വരുന്ന നാല് ലക്ഷത്തിന് അഞ്ച് ശതമാനമാണ് ടാക്സ്.



അതായത് 20,000 രൂപയുടെ ആദായ നികുതി. ബാക്കി വരുന്ന നാല് ലക്ഷത്തിന് 10% ആണ് ടാക്സ്. ഈ സ്ലാബിൽ 40,000 രൂപയാണ് ടാക്സ് വരുന്നത്. അതായത് ആകെ 12 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് വരുന്ന നികുതി 60,000 രൂപയാണ്. 87എ പ്രകാരമുള്ള 60,000 രൂപയുടെ റിബേറ്റ് കൂടി പ്രയോജനപ്പെടുത്തിയാല്‍ ഈ സ്ലാബുകാർക്ക് ആദായ നികുതിയില്‍ നിന്നും ഒഴിവാകാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com