"പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നത്"; സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്രമന്ത്രി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സി.ആർ. പാട്ടീൽ നിലപാട് അറിയിച്ചത്
സി.ആർ. പാട്ടീൽ
സി.ആർ. പാട്ടീൽ
Published on

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറിൽ നിർണായക തീരുമാനമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി സി.ആർ. പാട്ടീൽ. പാകിസ്ഥാന് ജലം നൽകാതിരിക്കാൻ മൂന്ന് പദ്ധതികൾ ആലോചനയിലുണ്ടെന്ന് പാട്ടീൽ വ്യക്തമാക്കി. പാകിസ്ഥാന് ഒരു തുള്ളി ജലം പോലും നൽകാതിരിക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സി.ആർ. പാട്ടീൽ നിലപാട് അറിയിച്ചത്. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.

മൂന്ന് ഘട്ടമായി പാകിസ്ഥാനിലേക്കുള്ള ജലവിതരണം തടയുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്. ​ലോങ് ടേം, മിഡ് ടേം, ഷോർട്ട് ടേം എന്നിങ്ങനെയാണ് പദ്ധതി രൂപീകരിക്കുക. ഷോർട്ട് ടേമിൽ പൂർണമായും ജലം തടയില്ല. ഇത് സംബന്ധിച്ച ചർച്ചകളാകും നടക്കുക. മിഡ് ടേമിൽ ജലം തടയാനുള്ള പദ്ധതികൾ നടപ്പാക്കും. ലോങ് ടേമിൽ വെള്ളം പാകിസ്ഥാന് ലഭിക്കില്ല എന്നത് യാഥാർഥ്യമാക്കുമെന്നും മന്ത്രി സി.ആർ. പാട്ടീൽ വ്യക്തമാക്കി.

സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് സുപ്രധാന ഉടമ്പടിയാണ് സിന്ധുനദീ ജല കരാർ. 64 വര്‍ഷത്തിലധികമായി ഇന്ത്യയും പാകിസ്ഥാനും പാലിച്ചു വന്നിരുന്നതാണ് ഈ നദീജല കരാര്‍. വിഭജന കാലത്താണ് ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദിയുമായി ബന്ധപ്പെട്ട് ആദ്യമായി തര്‍ക്കങ്ങള്‍ ഉടലെടുത്തത്. 1948 - ല്‍ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയിലെത്തി. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ലോകബാങ്ക് മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും കരാറില്‍ എത്തിച്ചേരാന്‍ ധാരണയായി. 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ വെച്ചാണ് സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com