"യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് പരാമർശിക്കാൻ രാഹുൽ മറന്നു"; വിമർശിച്ച് കേന്ദ്രമന്ത്രി

അമേരിക്കൻ സന്ദർശനവേളയിൽ രാഹുൽ ബിജെപിക്കെതിരെ നടത്തിയ പ്രസ്താവനകളാണ് കേന്ദ്രമന്ത്രി ഹർദീപ് പുരിയെ ചൊടിപ്പിച്ചത്
"യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് പരാമർശിക്കാൻ രാഹുൽ  മറന്നു";  വിമർശിച്ച് കേന്ദ്രമന്ത്രി
Published on

അമേരിക്കൻ സന്ദർശനവേളയിൽ ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ആർഎസ്എസിനെ വിമർശിച്ചുള്ളതും, ബിജെപിയുമായുള്ള പോരാട്ടത്തെ പ്രത്യയശാസ്ത്രപരമായ ഭിന്നതയായി കാണുന്നു എന്നതടക്കമുള്ള രാഹുലിൻ്റെ പ്രസ്താവനകളാണ് ഹർദീപ് സിംഗ് പുരിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വിദേശത്തായിരിക്കുമ്പോൾ അമേരിക്കയിലെ പ്രവാസികൾക്കിടയിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ അപകടകരമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഹർദീപ് പുരി ആരോപിച്ചു.

"അമേരിക്കയിലെ പ്രസംഗ പരിപാടിയിൽ രാഹുലിന് മുന്നിലിരുന്ന ആളുകൾ എൻ്റെ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. അവർ യുഎസിൽ ഉപജീവനം തേടുന്നവരാണ്. അവർക്ക് രാജ്യവുമായി ശക്തമായ ബന്ധവുമില്ല. അവർക്ക് മുൻപിലാണ് രാഹുൽ ഈ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ചൈനയെ പരാമർശിച്ചുകൊണ്ട് തൊഴിലില്ലായ്മ ഇല്ലാത്ത വളരെ വലിയ സമ്പദ്‌വ്യവസ്ഥ ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. ആർഎസ്എസിനെതിരെയും രാഹുൽ വിമർശനങ്ങളുന്നയിച്ചു. ഒരു സാധാരണ പൗരനെന്ന നിലയിലല്ല, പ്രതിപക്ഷ നേതാവെന്ന നിലയിലാണ് രാഹുൽ അമേരിക്കയിൽ പോയത് എന്നത് വിഷയത്തെ കൂടുതൽ വഷളാക്കുന്നു,"  ഹർദീപ് സിംഗ് പുരി പറഞ്ഞു.

"രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തിനിടെ അദ്ദേഹം ഇന്ത്യയിലെ നിയമവ്യവസ്ഥയെ ആക്രമിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഫലത്തെ ആക്രമിച്ചു. അതേസമയം കഴിഞ്ഞ ദശാബ്ദക്കാലത്തെ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് പരാമർശിക്കാൻ രാഹുൽ മറന്നു," കേന്ദ്രമന്ത്രി പരാതിപ്പെട്ടു.

ബിജെപി-കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചുള്ള രാഹുലിൻ്റെ അഭിപ്രായത്തെയും കേന്ദ്രമന്ത്രി ആക്രമിച്ചു. പാർട്ടികൾ തമ്മിലുള്ള പോരാട്ടം രാഷ്ട്രീയമല്ല. ഒരു സിഖുകാരന് തൻ്റെ തലപ്പാവ് ധരിക്കാൻ കഴിയുമോ എന്നതിലാണ് പോരാട്ടം നടക്കുന്നത്. അത് എല്ലാ മതങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

"ആറു പതിറ്റാണ്ടിലേറെയായി ഞാൻ തലപ്പാവും കാടയും (സിഖുകാരുടെ കൈവള) ധരിച്ച് നടക്കുന്നു. ഒരിക്കൽ പോലും ഇതു സംബന്ധിച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഒരു സമൂഹമെന്ന നിലയിൽ സിഖ് ചരിത്രത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾക്ക് ഉത്കണ്ഠ തോന്നിയിട്ടുണ്ടെങ്കിൽ, അത് രാഹുൽ ഗാന്ധിയുടെ കുടുംബം അധികാരത്തിലിരുന്ന സമയത്താണ്," ഹർദീപ് പുരി ആഞ്ഞടിച്ചു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്. യുഎസ് യാത്രയില്‍ നിരവധി സംവാദങ്ങളുടെ ഭാഗമായി വ്യത്യസ്ത വിഷയങ്ങളെപ്പറ്റി രാഹുല്‍ സംവാദങ്ങളില്‍ സംസാരിച്ചു. എന്നാല്‍ രാഹുലിന്‍റെ പ്രസ്താവനകളെ ബിജെപി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യയെ വിദേശത്ത് വെച്ച് അപമാനിച്ചുവെന്നാണ് ഭരണകക്ഷിയുടെ പ്രധാന ആരോപണം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com