
മദ്രസ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ബാലാവകാശ കമ്മീഷൻ തീരുമാനത്തിൽ കേന്ദ്ര സര്‍ക്കാരിന് ഒരു ഉത്തരവാദിത്തമില്ല. പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. മദ്രസകൾ നിർത്തലാക്കാൻ പറഞ്ഞിട്ടില്ല. സർക്കാർ ആനുകൂല്യങ്ങൾ നിർത്തണമെന്നാണ് പറഞ്ഞത്. ബാലാവകാശ കമ്മീഷൻ അർധ ജുഡീഷ്യൽ സ്ഥാപനമാണ്. കേന്ദ്ര സർക്കാറിന് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്റെ നിലപാടിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ മന്ത്രി എന്ന നിലയിൽ തനിക്ക് പരിമിതിയുണ്ടെന്നാണ് ജോര്‍ജ് കുര്യന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേസമയം, കേരളത്തിലെ മദ്രസകളെ കുറിച്ചല്ല ബാലാവകാശ കമ്മീഷന്‍ പറഞ്ഞതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞത്. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് വരുത്തുക ലക്ഷ്യം വെച്ചാണ് മദ്രസ അടച്ചുപൂട്ടണമെന്ന നിര്‍ദേശം ബാലാവകാശ കമ്മീഷൻ മുന്നോട്ടുവെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ മദ്രസ വിദ്യാഭ്യാസം മാത്രം മതിയെന്ന നിലപാടുണ്ട്. അതില്ലാതെയാക്കാനാണ് ഈ നടപടിയെന്നും കേരളത്തില്‍ അങ്ങനെ ഒരു സാഹചര്യം ഇല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കത്തയച്ചിരുന്നു.