ദേശീയ പാതയിലെ വിള്ളൽ: ഉന്നതതലയോഗം വിളിച്ച് നിതിൻ ഗഡ്കരി; മൂന്നംഗ സംഘത്തിൻ്റെ ഇടക്കാല റിപ്പോർട്ടും ചർച്ച ചെയ്യും

വിഷയവുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറി ജയ് തിലക് ഇന്നലെ ഉപരിതലഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു
ദേശീയ പാതയിലെ വിള്ളൽ: ഉന്നതതലയോഗം വിളിച്ച് നിതിൻ ഗഡ്കരി; മൂന്നംഗ സംഘത്തിൻ്റെ ഇടക്കാല റിപ്പോർട്ടും ചർച്ച ചെയ്യും
Published on

ദേശീയപാത 66ലെ വിവിധ ഭാഗങ്ങളിൽ റോഡ് തകരുകയും മണ്ണിടിയുകയും ചെയ്ത സംഭവത്തിൽ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഈ മാസം 27നാണ് യോഗം ചേരുക. ദേശീയപാതാ നിർമാണത്തിലെ അപാകത അന്വേഷിക്കാൻ ഡൽഹി ഐഐടി പ്രൊഫസർ കെ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിരുന്നു. മൂന്നംഗ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ടും യോഗത്തിൽ ചർച്ച ചെയ്യും.

വിഷയവുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറി ജയ് തിലക് ഇന്നലെ ഉപരിതലഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. ദേശീയ പാത നിർമാണത്തിലെ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തിരുന്നു. പദ്ധതിയുടെ കൺസൾട്ടൻ്റായ എച്ച്ഇസി കമ്പനിക്കും വിലക്കുണ്ട്. ദേശീയപാ​ത അതോറിറ്റിയുടെ രണ്ടം​ഗ സംഘംമ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് കഴിയില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകി.

അതേസമയം ചാവക്കാട് മണത്തലയിൽ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ഇന്ന് കുഴിച്ചുനോക്കി സാമ്പിൾ ശേഖരിക്കും. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയിൽ ആണോ നിറച്ചതെന്നും പരിശോധിക്കും. കൂടുതൽ പഠനം വേണമെന്ന് ഇന്നലെ സന്ദർശനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പിൾ ഉൾപ്പടെ ശേഖരിച്ച് പരിശോധനലേക്ക് കടക്കുന്നത്.

കോഴിക്കോട് മലാപ്പറമ്പ് ദേശീയ പാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നിൽ ഡ്രൈനേജ് നിർമാണത്തിലെ അപാകതയാണ് കാരണമെന്ന ആക്ഷേപം ഉയരുന്നുണ്ട്. സർവീസ് റോഡുകളുടെ ഡ്രൈനെജ് സംവിധാനങ്ങൾക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയ്ക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ അധികൃതർ ആ പരാതിയെ മുഖവിലക്കെടുത്തില്ലെന്നും ആരോപണമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com