
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് അഭിമാനമാണെന്ന് കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് പദ്ധതി പൂർത്തിയാകാൻ കാരണം.
സ്വകാര്യ-പൊതു പങ്കാളിത്ത നിക്ഷേപത്തിൻ്റെ വിജയ മാതൃകയാണ് വിഴിഞ്ഞം പദ്ധതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം ഒന്നാമതെത്തും. കൊളംബോ, സിങ്കപ്പൂർ അന്താരാഷ്ട്ര തുറമുഖങ്ങൾക്ക് കടുത്ത മത്സരമാണ് വിഴിഞ്ഞം തുറമുഖമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞത്തിൻ്റെയും, കേരളത്തിൻ്റെയും, ഇന്ത്യയുടെയും 33 വർഷത്തെ സ്വപ്നം യാഥാർഥ്യമായ ദിനമാണ് ഇന്നെന്ന് അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനി പറഞ്ഞു. ലോകോത്തര നിലവാരമുള്ള തുറമുഖം കേരളത്തിന് സമ്മാനിക്കുമെന്ന ഞങ്ങളുടെ വാക്ക് പാലിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അകം അഴിഞ്ഞ പിന്തുണയാണ് തുറമുഖം സാധ്യമാകാൻ സഹായകമായതെന്നും കരൺ അദാനി പറഞ്ഞു. പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ള അനുമതികൾ ലഭിച്ചാലുടൻ, വിഴിഞ്ഞം തുറമുഖത്തിൻ്റെ ബാക്കി ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒക്ടോബറിൽ തന്നെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.