തൃശൂർ പൂരം: വെടിക്കെട്ട് ഗംഭീരമായി നടക്കും, ഇപ്പോഴുള്ള വിവാദം തരികിട പരിപാടികൾ; ദേവസ്വങ്ങൾക്കെതിരെ സുരേഷ് ഗോപി

മാഗസിനെ (വെടിക്കെട്ടു സാമഗ്രികൾ) കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്ക് പാറമേക്കാവും തിരുവമ്പാടിയും മറുപടി പറഞ്ഞിട്ടില്ല
തൃശൂർ പൂരം: വെടിക്കെട്ട് ഗംഭീരമായി നടക്കും, ഇപ്പോഴുള്ള വിവാദം തരികിട പരിപാടികൾ; ദേവസ്വങ്ങൾക്കെതിരെ സുരേഷ് ഗോപി
Published on


തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളിൽ ദേവസ്വങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും. ഇപ്പോൾ നടക്കുന്നത് അതിനു മുൻപുള്ള തരികിട പരിപാടികളാണ്. പാറമേക്കാവ് - തിരുവമ്പാടി വേല വെടിക്കെട്ടുകൾ നടത്തുന്നതിന് താൻ അവർക്കൊപ്പം നിന്നു. ദേവസ്വങ്ങൾ അക്കാര്യം വെളിപ്പെടുത്താത്തത് രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമാകും എന്നതിനാലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. വെടിക്കെട്ടിലെ കേന്ദ്രമാർഗനിർദേശത്തിൽ പാറമേക്കാവ് ദേവസ്വം ആശങ്ക അറിയച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.


തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികളെ കേന്ദ്ര മന്ത്രിയുടെ മുന്നിൽ ഇരുത്തി രണ്ടു മണിക്കൂർ സംസാരിപ്പിച്ചു. കാര്യങ്ങൾ അവരെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥരെ വിളിച്ച് ഇരുത്തി ഒരു ദിവസം മുഴുവൻ അവർ ചർച്ച നടത്തി. വെടിക്കെട്ട് നിയന്ത്രണങ്ങൾ പുന‍ഃക്രമീകരിക്കാൻ ശ്രമിക്കുമ്പോഴാണ് കണ്ണൂരിൽ വീണ്ടും അപകടമുണ്ടായത്. അപകടങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാരും അതിന് ഉത്തരവാദിത്തപ്പെട്ടവരും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. മാഗസിനെ (വെടിക്കെട്ടു സാമഗ്രികൾ) കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്ക് പാറമേക്കാവും തിരുവമ്പാടിയും മറുപടി പറഞ്ഞിട്ടില്ല. ഹൈക്കോടതി ബുദ്ധിപരമായി പറഞ്ഞ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കണം. പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ നടത്താൻ വേണ്ടിയാണ് നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞത്. കൊടിയേറ്റത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അനുമതി വൈകുന്നത് ആശങ്കയുണ്ടാക്കുന്നതയും രാജേഷ് പറഞ്ഞു. ദേവസ്വങ്ങള്‍ നിരന്തരമായി കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ്‌ഗോപിയെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പൊതുവായ തീരുമാനത്തിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതില്‍ ഏറ്റവും വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നത് കേന്ദ്രം പുറത്തിറക്കിയ ഭേദഗതിയാണെന്നായിരുന്നു ദേവസ്വം സെക്രട്ടറിയുടെ പ്രതികരണം.

ഫയർലൈനും മാഗസിനും (വെടിക്കെട്ടു സാമഗ്രികളുടെ സംഭരണസ്ഥലം) ആനയും ആളുകളും തമ്മിലുള്ള ദൂരവ്യത്യാസമടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ്. ഏറ്റവും ഒടുവില്‍ പാലക്കാട് നെന്മാറ വല്ലങ്കി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിനും അനുമതി നിഷേധിച്ച സാഹചര്യം ഉള്ളതുകൊണ്ട് കൂടിയാണ് തൃശൂര്‍ പൂരം പ്രധാന സംഘാടകരായ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആശങ്കയറിയിച്ച് രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com