
കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയെ പൂർണമായും അവഗണിച്ചതിൽ വിമർശനവുമായി കൃഷിമന്ത്രി പി.പ്രസാദ്. കോർപറേറ്റിനെ പിന്തുണയ്ക്കുന്ന ബജറ്റ് കാർഷിക മേഖലയെ അവഗണിച്ചു. കാർഷിക മേഖലയ്ക്ക് അനുവദിക്കുന്ന തുക വീണ്ടും കുറച്ചു. ബജറ്റ് പ്രഖ്യാപനം വെറും പ്രസംഗം മാത്രമായി. മോദിയെ താങ്ങി നിർത്താനുള്ള ബജറ്റ് ആണ് പ്രഖ്യാപിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുൻ കാലങ്ങളിൽ അനുവദിച്ച തുകയേക്കാൾ കുറവാണ് ഇത്തവണ അനുവദിച്ചത്. വളത്തിന് വില വർധിപ്പിച്ചത് കർഷകരെ വലയ്ക്കും. റബർ കർഷകരെ പരിഗണിച്ചില്ല. 250 രൂപ താങ്ങുവില എന്ന കേരളത്തിന്റെ ആവശ്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. കേരളത്തോട് ശത്രു രാജ്യമെന്ന നിലക്ക് പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിട്ടും കേരളത്തിന് ഒന്നും ലഭിച്ചില്ല. കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്ന് ഉള്ളത് ഉപകാരം ആകുമെന്ന വാക്ക് വെറുതെയായി. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖല തകർച്ചയിലാണ്. തകർച്ചയിൽ നിന്നുയരാൻ ആവശ്യമായ സഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.