
കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രാലയം. തൊഴിൽവകുപ്പ് സഹമന്ത്രി ശോഭ കരന്തലെജെ ആ കാര്യം വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. യുവതി കുഴഞ്ഞുവീണു മരിച്ചത് ദാരുണമായ സംഭവമാണെന്നും, ഇതു സംബന്ധിച്ച് അന്വേഷണം നടത്തുവാനും രാജീവ് ചന്ദ്രശേഖർ തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. തൊഴിലിടങ്ങളിൽ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദം കുറക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് മന്ത്രിയുടെ ഉറപ്പ് നൽകിയത്.
അന്നയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് മന്ത്രി ശോഭ കരന്തലജെ എക്സിൽ കുറിച്ചു. തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയെ ടാഗ് ചെയ്താണ് ശോഭയുടെ പോസ്റ്റ്. അതേസമയം കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ സംഭവത്തോട് ഏണസ്റ്റ് ആൻഡ് ഇന്ത്യ കമ്പനി പ്രതികരിച്ചു. കുടുംബത്തിൻ്റെ ആശങ്കകൾ ഗൗരവത്തിലെടുക്കുന്നു. കുടുംബത്തിന് ഉണ്ടായ നഷ്ടം നികത്താൻ കഴിയില്ലെങ്കിലും അവർക്ക് ആവശ്യമായ സഹായം നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ALSO READ: കൊച്ചി സ്വദേശിനിയായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവം: തൊഴിൽ സമ്മർദമെന്ന് ആരോപണം; EY ക്ക് നേരെ പ്രതിഷേധം കനക്കുന്നു
ഏണസ്റ്റ് & യങ് ഇൻഡ്യ കമ്പനിയിലെ ചാറ്റേർഡ് അക്കൗണ്ടൻ്റായ കൊച്ചി സ്വദേശിനി അന്നയെ ജൂലൈ 24 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തൊഴിൽ സമ്മർദമാണ് മകളുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് അന്നയുടെ അമ്മ അനിത കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് അയച്ച കത്തിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി. മരണവിവരമറിഞ്ഞ് സഹപ്രവർത്തകര്‍ ആരും തന്നെ അന്നയെ കാണാൻ എത്തിയില്ലെന്നും കത്തിൽ പറയുന്നു. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറം ജോലിഭാരം നൽകുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജോലി സമ്മർദവും മാനസിക പിരിമുറുക്കവും കാരണം മകൾ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു.
കഴിഞ്ഞ വർഷം നവംബർ 23ന് ചാർട്ടേഡ് അക്കൗണ്ടൻസി (CA) പരീക്ഷ പാസായ അന്ന മാർച്ച് 19 നാണ് EY പൂനെയിൽ പ്രവേശിച്ചത്. EYയിലേത് മകളുടെ ആദ്യ ജോലിയായിരുന്നെന്നും പ്രതീക്ഷയോടെയാണ് ഇത്തരമൊരു വലിയ കമ്പനിയിലേക്കെത്തിയതെന്നും അന്നയുടെ അമ്മ കത്തിൽ പറയുന്നു. എന്നാൽ നാല് മാസത്തിനുള്ളിൽ ജോലിഭാരം താങ്ങാനാവാതെ മകൾ മരിച്ചു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അന്ന സിഎ പരീക്ഷയിൽ മികച്ച വിജയം നേടിയതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്.
ജോലിഭാരം താങ്ങാനാവാതെ നിരവധി പേർ തൻ്റെ ടീമിൽ നിന്നും രാജിവെച്ചിട്ടുണ്ടെന്നും ഇത്തരം ധാരണകളെ മാറ്റിവെച്ചുകൊണ്ടായിരിക്കണം ജോലി ചെയ്യേണ്ടതെന്നും അന്നയോട് മാനേജർ പറഞ്ഞിരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മണിക്കൂറുകളോം നീണ്ടുനില്‍ക്കുന്ന ജോലിയും, താങ്ങാനാവാത്ത സമ്മർദവും അവളിൽ ഉത്കണ്ഠയും ഉറക്കമില്ലായ്മയും വർധിപ്പിച്ചെന്നും കത്തിൽ പറയുന്നു. അതേസമയം, യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും സംഭവത്തെ ഗൗരവത്തോടെ സമീപിക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരുമെന്നും EY പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.