തടസങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ നടപ്പാക്കാം, കേരളവുമായി സഹകരിച്ച് പോവുകയാണ് കേന്ദ്രനയം: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു
തടസങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ നടപ്പാക്കാം, കേരളവുമായി സഹകരിച്ച് പോവുകയാണ് കേന്ദ്രനയം: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Published on


കെ-റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ-റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങളുണ്ട്. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.

ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നത്തിനുള്ള പരിഹാരമാണ്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകണം എന്നതാണ് കേന്ദ്ര നയം. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു. റെയില്‍വേ നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തലിന് ശേഷം നടത്തിയ അഭിസംബോധനയിലാണ് കെ-റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സംസാരിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സംസ്ഥാന സർക്കാർ കൈമാറിയുന്നു. കേരളത്തിന്റെ ദീർഘകാല സ്വപ്നമായിരുന്നു ശബരിപ്പാത പദ്ധതി കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിന് കേരള സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാറുണ്ടാക്കും. ആ കരാറിനെ അടിസ്ഥാനമാക്കിയാകും പദ്ധതി നടപ്പാക്കുകയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.

കൂടാതെ ബെംഗളൂരു മുതൽ ഷൊർണൂർ വരെ നാലുവരി പാതയും, ഷൊർണൂർ മുതൽ എറണാകുളം വരെ മൂന്നുവരി പാതയും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. എറണാകുളം മുതൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് മൂന്ന് ലൈനുകൾ സ്ഥാപിക്കും. അതിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

എറണാകുളം, കായംകുളം, തിരുവനന്തപുരം പാതയിൽ വന്ദേ ഭാരതത്തിൻ്റെ സർവീസിന് ചില പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ കോട്ടയം വഴി വന്ദേഭാരതിൻ്റെ സർവീസ് മാറ്റുന്നത് പരിഗണിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിന് പുറമെ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ പോലെ കോഴിക്കോടിനേയും ഐടി ഹബ്ബ് ആക്കും. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ്റെ ഈസ്റ്റ്, വെസ്റ്റ് വികസനം സാധ്യമാക്കും. സമഗ്രവും വിപുലവുമായ വികസനമാണ് ഇപ്പോൾ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കെ-റെയിൽ വിരുദ്ധ സമരസമിതി നിവേദനം നൽകി. കെ-റെയിലിന് അനുമതി നൽകരുതെന്നാണ് ആവശ്യം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിടയിലാണ് നിവേദനം നൽകിയത്. എന്നാൽ കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേ എന്നായിരുന്നു റെയിൽവേ മന്ത്രിയുടെ മറുപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com