
ഉണ്ണി മുകുന്ദന്റെ അവസാനമായി റിലീസ് ചെയ്ത മാര്‍ക്കോയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നെങ്കിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാനാണ് താരത്തിന് താല്‍പര്യം. അതിനാല്‍ തന്നെ താന്‍ സ്‌ക്രീനില്‍ ചുംബിച്ച് അഭിനയിക്കില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഓണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഗെറ്റ് സെറ്റ് ബേബിയിലൂടെ റൊമാന്റിക് റോളില്‍ ഉണ്ണി മുകുന്ദന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. റൊമാന്റിക് കഥാപാത്രം ചെയ്യുന്നത് വെല്ലുവിളിയാണെന്നും താരം പറഞ്ഞു. സ്‌ക്രീനില്‍ ആരെയും ചുംബിക്കില്ല എന്ന തന്റെ തീരുമാനത്തിന്റെ പുറത്തായിരിക്കാം അതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
'ഇന്റിമേറ്റ് സീനുകളില്‍ ചുംബിച്ച് അഭിനയിക്കാന്‍ ഞാനില്ല. എന്റെ സിനിമകള്‍ എല്ലാ പ്രേക്ഷകരും കാണണം', എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. സംവിധായകന്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌ക്രീനില്‍ ഇന്റിമസി കാണിക്കുന്ന മറ്റ് അഭിനേതാക്കളെ കുറിച്ച് അവരെല്ലാം തന്നെ തന്നോട് സംസാരിക്കാറുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
'അപ്പോള്‍ ഞാന്‍ അവരോട് പറയും ഇന്റിമസി സ്‌ക്രീനില്‍ കാണിക്കാന്‍ വേറെ വഴികളുണ്ടെന്ന്. ആക്ഷന്‍ ഷോട്ടുകള്‍ക്ക് നിങ്ങള്‍ പിന്തുടരുന്ന അതേ രീതി തന്നെയാണ് ഇതിനും ഉള്ളത്. നിങ്ങള്‍ ആളുകളെ അടിക്കുന്നതായി തോന്നാം പക്ഷെ അവരുടെ ശരീരത്തില്‍ നിങ്ങള്‍ സ്പര്‍ശിക്കുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ സിനിമയില്‍ റൊമാന്റിക് സീനുകള്‍ ചെയ്യുന്നതിനോട് ഞാനെതിരല്ല. എന്റെ എല്ലാ സിനിമയും കുടുംബ പ്രേക്ഷകര്‍ കാണണം എന്നൊരു തീരുമാനം ഞാന്‍ എടുത്തിട്ടുണ്ടെന്ന് മാത്രം', ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബിയുടെ സംവിധായകന്‍. ഫെബ്രുവരി 21ന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ നിഖില വിമല്‍, ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സ്‌കന്ദ സിനിമാസ്, കിംഗ്സ്മെന്‍ എല്‍ എല്‍ പി എന്നിവയുടെ ബാനറില്‍ സുനില്‍ ജെയിന്‍,സജിവ് സോമന്‍,പ്രകാഷലി ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരാജേഷ് വൈ വി, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു.
കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേല്‍വാല്‍, അഡ്വക്കേറ്റ് സ്മിത നായര്‍ ഡി,സാം ജോര്‍ജ്ജ്, എഡിറ്റര്‍-അര്‍ജു ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സുനില്‍ കെ ജോര്‍ജ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈന്‍-ശ്രീ ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുകു ദാമോദര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,
പരസ്യകല-യെല്ലോ ടൂത്ത്സ്.