
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ യുഎസ് സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച പലസ്തീൻ അനുകൂല പ്രക്ഷോഭകരെ വിമർശിച്ച് അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ്. അമേരിക്കൻ പതാക കത്തിച്ചതുൾപ്പെടെയുള്ള ഇവരുടെ പ്രവൃത്തികൾ നിന്ദ്യവും ദേശസ്നേഹരഹിതവുമാണെന്ന് കമലാ ഹാരിസ് പറഞ്ഞു. തീവ്രവാദ സംഘടനായ ഹമാസുമായി ബന്ധമുള്ളവരെയോർത്ത് അപലപിക്കുന്നെന്നും ജൂതവിരുദ്ധത രാജ്യത്ത് പ്രോത്സാഹിപ്പിക്കില്ലെന്നും കമല വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം നടന്ന യുഎസ് കോൺഗ്രസിൽ കമല പങ്കെടുത്തിരുന്നില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു കമലയുടെ പ്രതികരണം. അമേരിക്കൻ പതാക കത്തിച്ച സംഭവത്തിൽ അപലപിക്കുന്നതായി കമല വ്യക്തമാക്കി. ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ ആദർശങ്ങളുടെ പ്രതീകവും രാജ്യത്തിൻ്റെ വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നതുമാണ് ആ പതാക. അത് ഒരിക്കലും അത്തരത്തിൽ അപകീർത്തിപ്പെടുത്താൻ പാടില്ലെന്നും കമല ചൂണ്ടികാട്ടി.
നവംബറിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഡെമോക്രാറ്റിക് പാർട്ടിയെ ഹമാസ് അനുകൂലികളായി ചിത്രീകരിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെ തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധപ്പെട്ടവരെയെല്ലാമോർത്ത് അപലപിക്കുന്നെന്നായിരുന്നു കമലയുടെ പക്ഷം. ഹമാസിൻ്റെ ലക്ഷ്യം ജൂതന്മാരെ കൊന്നൊടുക്കലാണെന്നും അത് നമ്മുടെ രാജ്യത്ത് അനുവദിക്കില്ലെന്നും കമല പറഞ്ഞു.
അതേസമയം രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാൻ ആളുകൾക്ക് അവകാശമുണ്ടെന്ന് കമല വ്യക്തമാക്കി. എന്നാൽ യഹൂദവിരുദ്ധതയ്ക്കും വിദ്വേഷത്തിനും അക്രമത്തിനും രാജ്യത്ത് സ്ഥാനമില്ലെന്നും വൈസ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
ആയിരകണക്കിനാളുകളാണ് കഴിഞ്ഞ ദിവസം നെതന്യാഹുവിൻ്റെ യുഎസ് സന്ദർശനത്തിൽ പ്രതിഷേധവുമായി വാഷിങ്ങ്ടണിലെത്തിയത്. വാഷിംഗ്ടൺ ഡിസിയിലെ യൂണിയൻ സ്റ്റേഷന് സമീപം സ്ഥാപിച്ച അമേരിക്കൻ പതാക പലസ്തീൻ അനുകൂല പ്രതിഷേധക്കാർ കത്തിക്കുന്നതുൾപ്പെടെയുള്ള വീഡിയോ സാമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായതിന് പിന്നാലെയാണ് കമലയുടെ പോസ്റ്റ്.