പ്രയാഗ്‌രാജിലെ മഹാ കുംഭ് പ്രദേശം ഇനിമുതൽ പുതിയ ജില്ല; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും കുംഭമേളയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് സർക്കാർ വ്യക്തമാകുന്നത്
പ്രയാഗ്‌രാജിലെ മഹാ കുംഭ് പ്രദേശം ഇനിമുതൽ പുതിയ ജില്ല; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ
Published on

വരാനിരിക്കുന്ന മഹാ കുംഭമേളയ്ക്ക് മുന്നോടിയായി പുതിയ പരിഷ്കാരവുമായി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ. പ്രയാഗ്‌രാജിലെ മഹാ കുംഭ് പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മഹാ കുംഭമേള എന്നാണ് പുതിയ ജില്ല അറിയപ്പെടുക. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2025 ജനുവരിയിൽ നടക്കാനിരിക്കെ കുംഭമേളയുടെ നടത്തിപ്പും ഭരണപരമായ നടപടികളും എളുപ്പത്തിലാക്കാനാണ് പുതിയ തീരുമാനം എന്നാണ് സർക്കാർ വിശദീകരണം.

ഇതോടെ 75 ജില്ലകൾ ഉണ്ടായ ഉത്തർപ്രദേശിൽ 76 ജില്ലകളാകും. ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും കുംഭമേളയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് സർക്കാർ വ്യക്തമാകുന്നത്. കൂടാതെ കുംഭമേളയിൽ പങ്കെടുക്കാനായി എത്തുന്ന തീർഥാടകർക്കും, മതാചാര്യന്മാർ ഉൾപ്പടെയുള്ള സന്യാസിമാർക്കും ഈ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, 2025 ജനുവരി മുതൽ പ്രയാഗ്‌രാജിൽ ആരംഭിക്കുന്ന മഹാ കുംഭമേളയിലേക്ക് രാജ്യത്തുടനീളമുള്ള ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിക്കാൻ ഉത്തർപ്രദേശ് സർക്കാർ മന്ത്രിമാരെ അയക്കും. ലക്‌നൗവിലെ ലോക്‌ഭവൻ ഓഫീസിൽ വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥിന്റെ തീരുമാനം.

ലോകമെമ്പാടുമുള്ള ഭക്തരെ ആകർഷിക്കുമെന്ന് യുപി സർക്കാർ അവകാശപ്പെടുന്ന മഹാ കുംഭമേളയുടെ പ്രചരണത്തിനായി ഇന്ത്യയിലും വിദേശത്തും റോഡ്‌ഷോകളും പരിപാടികളും സംഘടിപ്പിക്കാനുള്ള നിർദേശത്തിനും യുപി മന്ത്രിസഭ അംഗീകാരം നൽകി. മഹാ കുംഭമേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രധാന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് സന്ദർശിക്കും. ഡിസംബർ 13 നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com