ഉത്തർപ്രദേശിൽ ഐസിയുവിന് തീപിടിച്ച് നവജാത ശിശുക്കൾ മരിച്ച സംഭവം: ആശുപത്രിയുടെ വീഴ്ച വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്

ഒരേസമയം 18 ശിശുക്കളെ മാത്രം ഉള്‍ക്കൊള്ളാവുന്ന തീവ്രപരിചരണവിഭാഗത്തില്‍ അപകടസമയത്തുണ്ടായിരുന്നത് 49 കുഞ്ഞുങ്ങളുണ്ടായതായാണ് റിപ്പോർട്ട്
ഉത്തർപ്രദേശിൽ ഐസിയുവിന് തീപിടിച്ച് നവജാത ശിശുക്കൾ മരിച്ച സംഭവം: ആശുപത്രിയുടെ വീഴ്ച വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്
Published on

ഉത്തർപ്രദേശിലെ ഝാൻസിയിൽ 10 നവജാത ശിശുക്കളുടെ മരണത്തിലേക്ക് നയിച്ച തീപിടുത്തത്തില്‍ ആശുപത്രിയുടെ വീഴ്ച വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്ത്. ഒരേസമയം 18 ശിശുക്കളെ മാത്രം ഉള്‍ക്കൊള്ളാവുന്ന തീവ്രപരിചരണവിഭാഗത്തില്‍ അപകടസമയത്ത് 49 കുഞ്ഞുങ്ങളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. പുതിയ വാർഡിലേക്ക് മാറാനിരിക്കെയാണ് അപകടം നടന്നതെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്.

അപകടം ഉണ്ടായ വാർഡിലെ അഗ്നിശമനാ ഉപകരണങ്ങളുടെ കാലാവധിയില്‍ ചോദ്യമുയർന്നതിന് പിന്നാലെയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച പുറത്തുവരുന്നത്. 10 കുഞ്ഞുങ്ങളുടെ ജീവനെടുത്ത ദുരന്തത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന വിവരമാണിത്.

എന്നാൽ മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായതിനാല്‍ തന്നെ രോഗികളുടെ തിരക്ക് അനിയന്ത്രിതമാണ് എന്നാണ് ഇക്കാര്യത്തിലെ ആശുപത്രിയുടെ വിശദീകരണം. സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന രോഗികള്‍ ആശ്രയം തേടുമ്പോള്‍ ചികിത്സ നിഷേധിക്കാനാകില്ല എന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ എൻ.എസ്. സെങ്കാർ വിശദീകരിക്കുന്നു. സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ 51 കിടക്കകളുള്ള പുതിയ എൻഐസിയു വാർഡ് നിർമിച്ചതായും അതിലേക്ക് മാറാനിരിക്കെയാണ് ദുരന്തമുണ്ടായതെന്നും ഡോക്ടർ പറയുന്നു.

തീപിടിത്തമുണ്ടായതിന് തൊട്ടടുത്തെ കെട്ടിടത്തിലാണ് പുതിയ എൻഐസിയു സ്ഥിതിചെയ്യുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരാഴ്ചക്കകം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്ന സാഹചര്യത്തില്‍ അപകടത്തിന് പിന്നിലെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കാത്തിരിക്കുകയാണെന്ന് മരണപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പറയുന്നു.

അതേസമയം തീപിടിത്തത്തിലെ ദൃക്സാക്ഷി മൊഴികൾ നിരാകരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. അഗ്നിശമന ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞെന്ന റിപ്പോർട്ടുകളും സർക്കാർ തള്ളി. ഈ വർഷം ഫെബ്രുവരിയിൽ മുഴുവൻ മെഡിക്കൽ കോളേജുകളിലും അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തിയതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് അവകാശപ്പെട്ടു. റീഫില്ലിംഗ് കമ്പനികൾ പഴയ ലേബലുകൾ നീക്കം ചെയ്യാത്തത് സാധാരണമാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ മറുപടി.

അപകടത്തിൽ ത്രിതല അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഝാൻസി ഡിവിഷണൽ കമ്മിഷണറും, ഡിഐജിയും, അഗ്നിശമന സേനയും അന്വേഷണം നടത്തും. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും നിർദേശം നൽകിയതായി ബ്രിജേഷ് പഥക് അറിയിച്ചു. തീപിടിത്തത്തിന് കാരണം ആശുപത്രിക്കുണ്ടായ വീഴ്ചയാണോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും. മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ജനറൽ അധ്യക്ഷനായ നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഝാൻസി മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചത്, 16 കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ കൊല്ലപ്പെട്ട ഏഴ് കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മറ്റ് കുട്ടികളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കായും അല്ലാത്തവർക്കായും രണ്ട് യൂണിറ്റുകളാണ് ഐസിയുവിൽ ഉള്ളത്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ യൂണിറ്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ അലാറങ്ങൾ മുഴങ്ങാത്തതിനാൽ രക്ഷാപ്രവർത്തനം വൈകിയതായും ആരോപണമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com