"ജുമുഅ നിസ്കാരം വർഷത്തിൽ 52 തവണ, ഹോളി നടക്കുക ഒരിക്കൽ മാത്രം, നിറങ്ങളിൽ അസ്വസ്ഥതയുള്ള മുസ്ലീങ്ങൾ വീട്ടിലിരിക്കുക"; വിചിത്ര നിർദേശവുമായി യുപി പൊലീസ്

റംസാൻ മാസത്തിലെ ജുമുഅ പ്രാർഥനയ്ക്കൊപ്പമാണ് ഇത്തവണ ഹോളി ആഘോഷവും എത്തുന്നത്. സംഭലിലെ സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് സമാധാന സമിതി യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷമാണ് സംഭൽ സർക്കിൾ ഓഫീസർ (സിഒ) അനുജ് ചൗധരിയുടെ വിവാദ പരാമർശം.
"ജുമുഅ നിസ്കാരം വർഷത്തിൽ 52 തവണ, ഹോളി നടക്കുക ഒരിക്കൽ മാത്രം, നിറങ്ങളിൽ അസ്വസ്ഥതയുള്ള മുസ്ലീങ്ങൾ വീട്ടിലിരിക്കുക"; വിചിത്ര നിർദേശവുമായി യുപി പൊലീസ്
Published on


അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഹോളി ആഘോഷത്തിൽ വിചിത്ര നിർദേശങ്ങളുമായി ഉത്തർപ്രദേശ് പൊലീസ്. ഹോളി ആഘോഷം വർഷത്തിലൊരിക്കൽ മാത്രം വരുന്നതാണെന്നും, മുസ്ലീം സമുദായത്തിൽപ്പെട്ടവർക്ക് നിറങ്ങളിൽ അസ്വസ്ഥതയുണ്ടെങ്കിൽ വീടിനുള്ളിൽ തന്നെ കഴിയണമെന്നുമാണ് സംഭലിലെ പൊലീസ് ഉദ്യോഗസ്ഥൻ്റെ നിർദേശം. പൊലീസ് ഉദ്യോഗസ്ഥൻ്റെ പരാമർശങ്ങൾ പക്ഷപാതപരമാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.


റംസാൻ മാസത്തിലെ ജുമുഅ പ്രാർഥനയ്ക്കൊപ്പമാണ് ഇത്തവണ ഹോളി ആഘോഷവും എത്തുന്നത്. സംഭലിലെ സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഒരു സമാധാന സമിതി യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷമാണ് സംഭൽ സർക്കിൾ ഓഫീസർ (സിഒ) അനുജ് ചൗധരിയുടെ വിവാദ പരാമർശം.

"വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ആഘോഷമാണ് ഹോളി. എന്നാൽ വെള്ളിയാഴ്ച പ്രാർഥനകൾ (ജുമുഅ നമസ്കാരം) ഒരു വർഷത്തിൽ 52 തവണ നടക്കുന്നുണ്ട്. മുസ്ലീം സമുദായത്തിൽപ്പെട്ട ആർക്കെങ്കിലും ഹോളി നിറങ്ങളിൽ അസ്വസ്ഥത ഉണ്ടെങ്കിൽ, അവർ വീടിനുള്ളിൽ തന്നെ കഴിയണം. എന്നാൽ ആഘോഷങ്ങളിൽ ഒരുമിച്ച് പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന, വിശാല ചിന്താഗതിക്കാർക്ക് പുറത്തിറങ്ങി ആഘോഷിക്കാം. ഇരു സമുദായങ്ങൾ പരസ്പരം ബഹുമാനിക്കണം," അനുജ് ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇരു സമുദായങ്ങളും പരസ്പരം വികാരങ്ങളെ ബഹുമാനിക്കണമെന്നും ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവരുടെ മേൽ ബലമായി നിറങ്ങൾ തേയ്ക്കുന്നത് ഒഴിവാക്കണമെന്നും ചൗധരി ജനങ്ങളോട് അഭ്യർഥിച്ചു. ആഘോഷങ്ങൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു മാസമായി വിവിധ തലങ്ങളിൽ സമാധാന സമിതി യോഗങ്ങൾ നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"മുസ്ലീങ്ങൾ ഈദിന് ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെ തന്നെയാണ് ഹിന്ദുക്കൾ ഹോളിക്കായി കാത്തിരിക്കുന്നത്. ദേഹത്ത് നിറങ്ങൾ പുരട്ടിയും, മധുരപലഹാരങ്ങൾ പങ്കിട്ടും, ആളുകൾ ആഘോഷിക്കുന്നു. അതുപോലെ, ഈദിനും ആളുകൾ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുകയും, പരസ്പരം ആശ്ലേഷിക്കുകയും ചെയ്യുന്നു. രണ്ട് ആഘോഷങ്ങളുടെയും സാരാംശം ഒരുമയും പരസ്പര ബഹുമാനവുമാണ്,"അനുജ് ചൗധരി പറഞ്ഞു.

അതേസമയം പൊലീസ് ഉദ്യോഗസ്ഥൻ്റെ പരാമർശത്തിൽ അപലപിച്ച് സമാജ്‌വാദി പാർട്ടി വക്താവ് ശർവേന്ദ്ര ബിക്രം സിങ് രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർ ബിജെപി ഏജന്റുമാരായി പ്രവർത്തിക്കരുതെന്നായിരുന്നു ബിക്രം സിങ്ങിൻ്റെ പ്രസ്താവന. ഒരു ഉദ്യോഗസ്ഥൻ മതേതരനായിരിക്കണം, എങ്കിൽ മാത്രമേ ഈ രാജ്യത്ത് ഭരണം ശരിയായി നടക്കൂ എന്ന് ഉത്തർപ്രദേശ് കോൺഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയർമാൻ മനീഷ് ഹിന്ദ്‌വിയും പറഞ്ഞു. 


സംഭലിലെ ഷാഹി ജമാ മസ്ജിദിൽ സർവേ നടക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ മസ്ജിദിന്റെ ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോടതിയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com