
ഉത്തർപ്രദേശിൽ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 31 കാരിയുടെ വയറിൽ നിന്ന് നീക്കം ചെയ്‌തത് 2 കിലോ മുടി. 15 വർഷമായി മുടി തിന്നുന്ന രോഗം യുവതിയെ പിടിപെട്ടിരുന്നു. അപൂർവമായ മാനസിക വൈകല്യമാണിതെന്നും, 16 വയസു മുതൽ യുവതി ഈ രോഗത്തിന് അടിമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കടുത്ത വയറു വേദനയ്ക്ക് കാരണമായത്. ഇത്തരത്തിലൊരു സംഭവം 25 വർഷത്തിന് ശേഷമാണ് ബറേലിയിലുണ്ടായത്.
യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർച്ചയായ പരിശോധനകൾക്ക് ശേഷം സീനിയർ സർജൻ ഡോ.എം.പി.സിംഗിൻ്റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിച്ചത്. തുടർന്ന് നടത്തിയ ശസ്‌ത്രക്രിയയിലാണ് യുവതിയുടെ വയറ്റിൽ നിന്ന് 2 കിലോയോളം വരുന്ന മുടി വരുന്ന പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം, യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.