ആംബുലന്‍സില്‍ വെച്ച് ഡ്രൈവറും കൂട്ടാളിയും പീഡിപ്പിച്ചെന്ന് യുവതി; ഓക്സിജന്‍ നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവ് മരിച്ചു

ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതിയുടെ ഭര്‍ത്താവ് മരിച്ചു
ആംബുലന്‍സില്‍ വെച്ച് ഡ്രൈവറും കൂട്ടാളിയും പീഡിപ്പിച്ചെന്ന് യുവതി; ഓക്സിജന്‍ നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവ് മരിച്ചു
Published on
Updated on


ഭര്‍ത്താവിനെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകവെ ഭാര്യയെ ആംബുലന്‍സ് ജീവനക്കാര്‍ പീഡിപ്പിച്ചെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ നഗര്‍ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. പീഡനത്തിനിരയാക്കിയ ശേഷം യുവതിയെയും ഭര്‍ത്താവിനെയും ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. ഭര്‍ത്താവിന്‍റെ ഓക്സിജന്‍ മാസ്ക് ഊരിമാറ്റിയ ശേഷമായിരുന്നു ഇവരെ ആംബുലന്‍സില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതിയുടെ ഭര്‍ത്താവ് ഹരീഷ് മരിച്ചു.

ഹരീഷിന് കുറച്ച് ദിവസമായി അസുഖം ബാധിച്ചതിനെ തുടർന്ന് യുവതി അടുത്തുള്ള ബസ്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ഫീസ് അടക്കാൻ കഴിയാതെ വന്നതോടെ യുവതി ചികിത്സയ്ക്കായി ഭർത്താവിനെ വീട്ടിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെ ആംബുലന്‍സില്‍ വെച്ച് ഡ്രൈവറും സഹായിയും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നിലവിളിക്കാന്‍ ശ്രമിച്ചതോടെ ഭര്‍ത്താവിന്‍റെ ഓക്സിജന്‍ സപ്പോര്‍ട്ട് നിര്‍ത്തി ആംബുന്‍സില്‍ നിന്ന് പുറത്താക്കിയെന്നും ഡ്രൈവര്‍ തന്‍റെ ആഭരണങ്ങള്‍ അപഹരിച്ചെന്നും യുവതി പറഞ്ഞു.

തുടര്‍ന്ന് സഹോദരനെ വിവരമറിയിക്കുകയും ഇയാള്‍ പൊലീസിനെ പീഡന വിവരം അറിയിക്കുകയുമായിരുന്നു. ലക്നൗ ഗാസിപൂര്‍ സ്റ്റേഷനില്‍ യുവതി രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com