രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ യുപിഎ, എൻഡിഎ സർക്കാരുകൾക്ക് കഴിഞ്ഞില്ല: രാഹുൽ ഗാന്ധി

മോദി സർക്കാർ കൊണ്ടുവന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി ആശയതലത്തിൽ നല്ലതായിരുന്നുവെങ്കിലും, ആരംഭിച്ച ശേഷം രാജ്യത്ത് ഉത്പാദനം കുറഞ്ഞെന്നും പുതുതലമുറയ്ക്ക് പ്രചോദനമായി ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ യുപിഎ, എൻഡിഎ സർക്കാരുകൾക്ക് കഴിഞ്ഞില്ല: രാഹുൽ ഗാന്ധി
Published on


രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ യുപിഎ സർക്കാരുകൾക്കോ, ഒരു പതിറ്റാണ്ടിലേറെയായി രാജ്യം ഭരിക്കുന്ന എൻഡിഎ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് പാർലമെൻ്റിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ കൊണ്ടുവന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി ആശയതലത്തിൽ നല്ലതായിരുന്നുവെങ്കിലും, ആരംഭിച്ച ശേഷം രാജ്യത്ത് ഉത്പാദനം കുറഞ്ഞെന്നും പുതുതലമുറയ്ക്ക് പ്രചോദനമായി ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു.



രാജ്യത്തെ മൊത്ത ഉൽപ്പാദനത്തിൻ്റെ തോത് 2014ലെ 15.3 ശതമാനത്തിൽ നിന്ന് 12.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഞാൻ പ്രധാനമന്ത്രിയെ മാത്രം വിമർശിക്കുന്നില്ല. അദ്ദേഹം ഒന്നും ശ്രമിച്ചിട്ടില്ലെന്ന് ഞാൻ പറയില്ല. മേക്ക് ഇൻ ഇന്ത്യ പദ്ധതി ആശയതലത്തിൽ നല്ലതായിരുന്നു. എന്നാലും പ്രധാനമന്ത്രി ഇവിടെ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ലോക്‌സഭയിൽ വിമർശിച്ചു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്നും അഞ്ച് മാസത്തിനിടെ 70 ലക്ഷം പുതിയ വോട്ടർമാരെയാണ് വോട്ടർ പട്ടികയിൽ ചേർത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരൊറ്റ കെട്ടിടത്തിൽ നിന്ന് മാത്രം 7000 വോട്ടർമാരെ ചേർത്തു. പുതിയ വോട്ടർമാരെയെല്ലാം ചേർത്തത് ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.



നിർമിത ബുദ്ധി മേഖലയിൽ ചൈന ഇന്ത്യയേക്കാൾ 10 വർഷം മുന്നിലാണ്. എഐയ്ക്ക് വേണ്ട ഡാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയും യുഎസുമാണ്. ഇന്ന് എല്ലാവരും സംസാരിക്കുന്നത് എഐയെ കുറിച്ചാണ്. എഐ എന്നത് തികച്ചും അർഥശൂന്യമായ ഒന്നാണ്. ഡാറ്റ ഇല്ലാതെ എഐയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും രാഹുൽ പറഞ്ഞു. ഇപ്പോൾ ഉത്പാദനമെല്ലാം നമ്മൾ ചൈനയ്ക്ക് കൈമാറിയിരിക്കുകയാണ്. ഒരു രാജ്യമെന്ന നിലയിൽ ഉത്പാദന മേഖലയെ സംഘടിപ്പിക്കുന്നതിൽ നമ്മള്‍ പരാജയപ്പെട്ടു. ഇതെല്ലാം നമ്മള്‍ ചൈനയ്ക്ക് കൈമാറി. ഈ ഫോണ്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' അല്ല. ഇത് ഇന്ത്യയില്‍ വെച്ച് കൂട്ടിയോജിപ്പിച്ചെന്നേയുള്ളൂ. ഇതിന്റെ എല്ലാ ഘടകങ്ങളും ചൈനയില്‍ നിര്‍മിച്ചതാണ്. ഓരോ തവണയും നമ്മള്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും, ബംഗ്ലാദേശി ഷര്‍ട്ട് ധരിക്കുമ്പോഴും നമ്മള്‍ അവര്‍ക്ക് നികുതി അടയ്ക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



ഒരു തുണ്ട് ഭൂമിയും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദത്തിന് വിരുദ്ധമായാണ് സൈന്യം ഇപ്പോൾ പറയുന്നത്. ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന കാര്യം പ്രധാനമന്ത്രി നിഷേധിച്ചു. പക്ഷേ, സൈന്യം അദ്ദേഹത്തിന്റെ വാദത്തെ എതിര്‍ത്തു. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തിയിലെ 4000 ചതുരശ്ര കി.മീ ചൈനയുടെ കൈയിലാണെന്നും രാഹുൽ ഗാന്ധി ലോക്‌സഭയിൽ വിമർശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com