
യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവെച്ചു. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ബാക്കി നിൽക്കെയാണ് രാജി പ്രഖ്യാപനം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
പൂജ ഖേഡ്‌കറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. ഒരുമാസം മുൻപ് രാജിക്കത്ത് നൽകിയിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പൂജ ഖേഡ്‌കറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് രാജിയുമായി ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ആളാണ് മനോജ് സോണി. 2017 ലാണ് യുപിഎസിസി അംഗമായി ചുമതലയേൽക്കുന്നത്. തുടർന്ന് 2023 മെയ് 16 ന് ചെയർപേഴ്സണായി നിയമിക്കുകയായിരുന്നു. 2029 വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാമെന്നിരിക്കെയാണ് രാജിക്കത്ത് കൈമാറിയത്. രാജി അംഗീകരിച്ചാൽ മാത്രമേ നിലവിൽ പുതിയ ചെയർപേഴ്സണെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കൂ.